അത്തോളി: തോരായി സ്വദേശി ആയിഷ റഷയെ എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ റിമാണ്ട് ചെയ്തു. നടക്കാവ് പൊലിസ് അറസ്റ്റുചെയ്ത കണ്ണാടിക്കൽ സ്വദേശിയും ജിം പരിശീലകനുമായ ബഷീറു ദ്ദീനെയാണ് കോടതി റിമാണ്ട് ചെയ്തത്.
ഞായറാഴ്ചയാണ് മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) യെ സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിൻ്റെ
എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24 ന് കോഴിക്കോട്ടെത്തിയ ആയിഷ സ്വന്തം വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീൻ്റെ വീട്ടിൽ തങ്ങുകയായിരുന്നുവത്രെ.
ബഷീറുദ്ദീൻ യുവതിയെ വീട്ടുപകരണങ്ങൾ ഉപയോഗിച്ചും മൊബൈൽ ചാർജറിൻ്റെ കേബിൾ ഉപയോഗിച്ചും മർദ്ദിച്ചിരുന്നതായി സാക്ഷിമൊഴിയുണ്ട്. ആയിഷയുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ളതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ബന്ധുക്കളുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം
നടത്തിയ പൊലീസ് സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വേങ്ങേരി കണ്ണാടിക്കൽ സ്വദേശിയാണ് ബഷീറുദ്ദീൻ.
ഞായറാഴ്ച രാത്രി 8.50ന് വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നുവെന്നും ചവിട്ടിത്തുറന്നപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണു ബഷീറുദ്ദീന്റെ മൊഴി. മൂന്ന് വർഷത്തോളമായി ആയിഷയുമായി പരിചയമുണ്ടെന്നും ബഷീറുദ്ദീൻ മൊഴി നൽകിയിരുന്നു.
സംഭവ ദിവസം രാവിലെ ജിമ്മിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ ബഷീറുദ്ദീന് ഉച്ചയോടെ ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്ന് ആയിഷ വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇതിന് ഇയാൾ പ്രതികരിക്കുകയുണ്ടായില്ല. ആഘോഷം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് ബഷീറുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്.
യുവാവിൽ നിന്നു ആയിഷ നിരന്തരമായി മാനസിക പീഡനം അനുഭവിച്ചെന്നും മംഗളൂരുവിൽ നിന്നു ഭീഷണിപ്പെടുത്തി യുവാവ് കോഴിക്കോട്ട് എത്തിച്ചതാകാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 2 വർഷം മുൻപ് ഇരുവരെയും ഒന്നിച്ചു കണ്ടപ്പോൾ
ബന്ധുക്കൾ ഇടപെട്ട് താക്കീത് നൽകിയിരുന്നു. പിന്നീട് യുവാവ് ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
