അത്തോളി: പാവങ്ങാട് – കുറ്റ്യാടി സംസ്ഥാന പാതയിൽ അണ്ടിക്കോട് ഭാഗത്ത് കൺവെൻഷൻ സെൻ്ററുകൾ ഗതാഗത കുരുക്കിന് കാരണമാകുന്നു. ശനിയാഴ്ച പൂളാടിക്കുന്നു മുതൽ അത്തോളി വരെ മണിക്കൂറുകളോളം ഗതാഗത തടസ്സം രൂപപ്പെട്ടു. രോഗികളുമായെത്തിയ ആംബുലൻസുകളും കുരുക്കിൽ പെട്ടു.
കൺവെൻഷൻ സെൻ്ററിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തതാണ് ട്രാഫിക് ബ്ലോക്കുണ്ടാവാൻ കാരണമായതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വിവാഹ പാർട്ടിക്ക് വരുന്നവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മതിയായ സൗകര്യം ഒരുക്കാൻ കൺവെൻഷൻ സെൻ്റർ അധികൃതർക്ക് സാധിക്കാറില്ല. ആളുകൾ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതു കാരണം പൊതുവെ വീതി കുറഞ്ഞ അണ്ടിക്കോട്, പറമ്പത്ത് പ്രദേശത്ത് മിക്കവാറും ദിവസങ്ങളിൽ ഗതാഗത തടസ്സം ഉണ്ടാവാറുണ്ട്. ഏകദേശം മൂന്ന് കിലോമീറ്ററിനുള്ളിൽ മൂന്ന് കൺ വെർഷൻ സെൻ്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ശനിയാഴ്ചയുണ്ടായ ഗതാഗത തടസ്സം സംബന്ധിച്ച് അണ്ടിക്കോട്ടെ കൺവെൻഷൻ സെൻ്റർ അധികൃതരിൽ നിന്ന് എലത്തൂർ പൊലിസ് വിശദീകരണം തേടിയിട്ടുണ്ട്.
