അത്തോളി : ചങ്ങരോത്ത് അംബേദ്കർ വനിതാ സാംസ്കാരിക നിലയത്തിൽ ചട്ടവിരുദ്ധമായി ഇതര വിഭാഗത്തിൽ നിന്നുള്ള വനിതയെ ദീർഘകാലം ജോലിയിൽ നിലനിർത്താനുള്ള പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. പട്ടിക വിഭാഗക്കാരുടെ പ്രദേശിക ഉന്നമനം ലക്ഷ്യമിട്ട് നിർമ്മിച്ച സാംസ്കാരിക നിലയത്തിലാണ് യു.ഡി.എഫ് ഭരണ സമിതി നാല് വർഷമായി അന്യപ്രദേശത്തുകാരിയായ ഇതര വിഭാഗത്തിൽ പെട്ട വനിതയെ ജോലിയിൽ നിലനിർത്തി കൊണ്ടുപോകുന്നത്. ഇതിനെതിരെ പട്ടിക ജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സാംസ്കാരിക നിലയത്തിൽ നഗർ നിവാസിയായ പട്ടികജാതി വനിതയെ നിയമിക്കണമെന്ന് പ്രതിഷേധ സമരത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

2004ൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ചങ്ങരോത്ത് നഗർ നിവാസികളായ വനിതകളുടെ ഉന്നമനത്തിന് ലക്ഷൃം വെച്ച് പൂർണ്ണമായും പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് അംബേദ്കർ സംസ്കാരിക നിലയം. തുടർന്നും കെട്ടിട നവീകരണത്തിന് പട്ടികജാതി ഫണ്ട് മാത്രമാണ് വിനിയോഗിച്ചിരുന്നത്. എൽ.ഡി.എഫ് ഭരണകാലത്ത് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പ്രദേശവാസിയായ ഒരു വനിതയെ താൽകാലികമായി ലൈബ്രേറിയനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയ ഉടൻ 2021 മുതൽ മറ്റൊരു പ്രദേശത്തുകാരിയായ ഇതര വിഭാഗത്തിലെ വനിതയെ ദീർഘകാലമായി ദിവസ വേതനത്തിൽ നിയമിച്ചിരിക്കുകയാണുണ്ടായത്. ചട്ടവിരുദ്ധമായി ജീവനക്കാരിക്ക്
കാലാവധി ദീർഘിപ്പിക്കുന്നതിനെതിരെ എ. എം. വേലാലുധൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികൾ ഭരണ സമിതി യോഗത്തിൽ പ്രതിഷേധിക്കുകയും വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.

മിക്ക ദിവസവും പഞ്ചായത്ത് ഓഫീസിൽ ഇരിക്കുന്ന ലൈബ്രേറിയൻ്റെ സേവനം സാംസ്കാരിക നിലയത്തിൽ ലഭിക്കൂന്നില്ലെന്നും ആരോപണമുണ്ട്. ദിവസ വേതനത്തിൽ നിയമിച്ചയാളെ നാല് വർഷത്തോളമായി തുടർച്ചയായി നിയമിച്ചതും കലാവധി നീട്ടികൊടുത്തതും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നും നേതാക്കൾ പറഞ്ഞു.
പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന നില്പ് സമരത്തിൽ പി.കെ. എസ്. ഏരിയാ ട്രഷറർ
കെ.സി വേലായുധൻ, കെ.കെ സത്യവതി,
വി .എം ബാലൻ എന്നിവർ പ്രസംഗിച്ചു.
പട്ടികജാതിക്കാരുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സാംസ്കാരിക നിലയത്തിൽ നഗർ നിവാസിയെ നിയമിക്കണമെന്നും സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
