അത്തോളി : കലാസാംസ്കാരിക സംഘടനയായ സ്പേസ് അത്തോളിയുടെ പ്രഥമ ഗ്രാമിക അവാർഡിന് രാഘവൻ അത്തോളിയെ തിരഞ്ഞെടുത്തു. ശിൽപ്പവും കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരം ഓഗസ്റ്റ് 10 ഞായറാഴ്ച അത്തോളി ജി എൽ പി സ്കൂളിൽ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ പ്രൊഫ.കൽപ്പറ്റ നാരായണൻ സമ്മാനിക്കും. സ്പേസ് അത്തോളിയുടെ ഓഫീസ് ഉദ്ഘാടനം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ നിർവഹിക്കും. തുടർന്ന് ഗസൽ വിരുന്ന് ഉണ്ടാകും. ഇതോടനുബന്ധിച്ച് വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം, ജിജുലാൽ ബോധിയുടെ ചുമർച്ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികളും ഉണ്ടാകും.
ഉത്തരാധുനിക മലയാളസാഹിത്യത്തിലെ പ്രമുഖനായ കവിയും നോവലിസ്റ്റും ശില്പിയുമാണ് രാഘവൻ അത്തോളി. വേളൂർ സ്വദേശിയാണ്.
ദലിത് അനുഭവങ്ങളിൽനിന്നും സംസ്കാരത്തിൽനിന്നും മൗലികമായ ബിംബാവലികളും ശൈലിയും രൂപപ്പെടുത്തിയ കവിയെന്ന് നിരൂപകർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കവിതകളിൽ പ്രകടമാവുന്ന ശക്തമായ ആവിഷ്കാരവും കുരുത്തുറ്റ ബിംബങ്ങളും മലയാളകവിതയിൽ നിലനില്ക്കുന്ന സ്വാധീനമായിരിക്കുമെന്നും ദലിത് കവികൾക്ക് വഴി വെട്ടിത്തെളിച്ച് മുന്നേ പറന്ന വിപ്ലവ പക്ഷിയാണ് രാഘവൻ അത്തോളിയെന്നും നിരീക്ഷിക്കുന്നുണ്ട്.
കഴിക്കാൻ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ ഇല്ലാതിരുന്നപ്പോഴും കവിതയെ സ്നേഹിച്ച
അച്ഛൻ താനീമ്മൽ പറോട്ടിയാണ് തന്നെ കാവ്യലോകത്തേക്ക് നയിച്ച സ്വാധീനമെന്ന് രാഘവൻ പറഞ്ഞിട്ടുണ്ട്. വിശപ്പിനെ മറക്കാൻ തന്റെ ഹൃദ്യമായ സ്വരത്തിൽ കരുണയും ചണ്ഡാലഭിക്ഷുകിയുമൊക്കെ അച്ഛൻ ചൊല്ലിത്തരുമായിരുന്നുവെന്നും തന്റെ കുട്ടിക്കാലത്തെ കവി അനുസ്മരിക്കുന്നുണ്ട്.

1996 ൽ പ്രസിദ്ധപ്പെടുത്തിയ കണ്ടത്തി എന്ന കവിതാസമാഹാരത്തിൽ തുടങ്ങി ചോരപ്പരിശം എന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ് കരസ്ഥമാക്കിയ നോവലിലൂടെ കവിതയും, നോവലും, ലേഖനങ്ങളും, കാർട്ടൂണുകളുമടക്കo 58 ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി.
കണ്ടത്തി,കലിയാട്ടം, കത്തുന്നമഴകൾ , ആരാൻ്റെ ചേരികൾ , മൗന ശിലകളുടെ പ്രണയക്കുറിപ്പുകൾ-, കൂമ്പാള, മൊഴിമാറ്റം, കറുപ്പെഴുത്തുകൾ, ചേപ്പറ , തിരുവരശ് , കനലോർമ്മകൾ , തീക്കോലങ്ങൾ , മണ്ണുടലുകൾ , ചോരപ്പരിശം, ഒറ്റ , ചേല് , ചാവുമഴകൾ , മണ്ണോർമ്മകൾ , കല്ലടുപ്പുകൾ , കുയ്യാന , പറോട്ടി, തീക്കോലങ്ങൾ ,കൂമ്പാള തുടങ്ങിയവ പ്രധാന കൃതികളാണ്.
ബോധി ബുക്സ് അക്ഷരോപഹാരം,
ദ്രാവിഡ രത്ന പുരസ്ക്കാരം, ലളിതകല അക്കാദമി അവാർഡ് ഓണറേറിയം എന്നിവക്ക് അർഹനായിട്ടുണ്ട്.
