ഇൻഷുറൻസ് ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതം
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ഇൻഷുറൻസും ഫിറ്റ്നസുമുള്ള ആംബുലൻസാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ മന്ത്രി പുറത്തുവിട്ടു.
വിതുര താലൂക്ക് ആശുപതിയിൽനിന്ന് അടിയന്തര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസാണ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. ആംബുലൻസിന് ഇൻഷുറൻസ്, ടാക്സ് രേഖകൾ ഇല്ലെന്നായിരുന്നു സമരക്കാരുടെ ആരോപണം. ഗുരുതരാവസ്ഥയിലുള്ള രോഗിയുണ്ടെന്ന് പറഞ്ഞിട്ടും കടത്തിവിട്ടില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന വിതുര സ്വദേശി ബിനു ആണ് മരിച്ചത്
