അത്തോളി: യൂണിഫോമുകളുടെ അളവിൽ പാകപ്പിഴവുള്ള വിദ്യാർത്ഥികളിൽ നിന്ന് അവ തിരിച്ചു വാങ്ങി സൈസ് ശരിയാക്കി നൽകുമെന്ന് അത്തോളി ഗവ.ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്. സ്കൂൾ തുറന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പല വിദ്യാർത്ഥികൾക്കും യൂണിഫോം തയ്ച്ചു കിട്ടിയിട്ടില്ലെന്നും ചിലർക്ക് ലഭിച്ച യുണിഫോം അളവ് പാകത്തലല്ലെന്നുമുള്ള രക്ഷിതാക്കളുടെ പരാതി പ്രാദേശിക വാട്സപ് ഗ്രൂപ്പുകളിൽ ചർച്ചാവിഷയമായിരുന്നു. പി.ടി.എ ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിരുന്നത്. ഇതേത്തുടർന്നാണ് പി.ടി എ യുമായി അനുഭാവമുള്ളവർ ഹെഡ്മിസ്ട്രസിൻ്റെ വിശദീകരണ കുറിപ്പ് പ്രാദേശിക ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്.
യൂണിഫോമുമായി ബന്ധപ്പെട്ട എന്തു പ്രശ്നവും പരിഹരിച്ചു നൽകുമെന്നും ഇനിയും ആശങ്കകൾ ഉള്ള രക്ഷിതാക്കൾക്ക് ജൂലൈ 18 ന് മൂന്ന് മണിക്ക് സ്കൂളിലെത്തി നേരിട്ട് സംസാരിക്കാമെന്നും വിശദീകരണത്തിൽ പറയുന്നു.
അത്തോളി ഹൈസ്കൂളിൽ എട്ടാം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസുകളിലെ കുറെയേറെ വിദ്യാർഥികൾക്ക് യൂണിഫോം കിട്ടിയില്ലെന്ന വിഷയം രക്ഷിതാക്കൾ പൊതു പ്രവർത്തകരെ അറിയിച്ചിരുന്നു. തൊഴിൽ പ്രതിസന്ധി നേരിടുന്ന തങ്ങളെ പരിഗണിക്കാതെ യുണിഫോം തയ്ക്കുന്നതിന് ദൂര സ്ഥലത്തെ ടൈലറിംഗ് സ്ഥാപനത്തെ ഏൽപ്പിച്ചതിലുള്ള വിഷമം അത്തോളിയിലെ തയ്യൽ തൊഴിലാളികളും പൊതു പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തി. പൊതു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് സ്കൂൾ അധികൃതർ ഇപ്പോൾ വിശദീകരണം നടത്തിയിരിക്കുന്നത്.
ഹെഡ് മിസ്ട്രിസ് ക്ലാസ് ഗ്രൂപ്പിൽ അറിയിച്ചതെന്ന നിലയിൽ പ്രാദേശിക ഗ്രൂപ്പിൽ പങ്കുവെക്കപ്പെട്ട വിശദീകരണം ചുവടെ:
ജൂലൈ 10 മുതൽ യൂണിഫോം വിതരണം തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളും വാങ്ങി കഴിഞ്ഞു. ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വാങ്ങണം എന്ന മെസ്സേജ് നൽകിയിട്ടുണ്ട്. ചുരുക്കം ചില കുട്ടികളുടെ യൂണിഫോം സൈസ് ശരിയാക്കേണ്ടതുണ്ട്. അത് തിരിച്ചു വാങ്ങി പെട്ടെന്ന് പരിഹരിച്ചു നൽകുന്നതാണ്.
കുട്ടികൾ രണ്ട് സെറ്റ് യൂണിഫോം ഓർഡർ ചെയ്യുകയും വാങ്ങാതിരിക്കുകയോ ഒരു സെറ്റ് മാത്രം വാങ്ങുകയോ ചെയ്തതുകൊണ്ട് കഴിഞ്ഞവർഷം വലിയൊരു സാമ്പത്തിക ബാധ്യത സ്കൂളിന് വന്നിരുന്നു. ഈ വർഷവും ഓർഡർ ചെയ്തു തയ്ച്ചു വന്നശേഷം യൂണിഫോം കൈപ്പറ്റാത്തവർ ഇനിയുമുണ്ട്. സ്റ്റിച്ചിങ് യൂണിറ്റിന് തുക പൂർണ്ണമായും നൽകേണ്ടതുണ്ട്. യൂണിഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ചാർജുള്ള അധ്യാപകരാണ്. പി.ടി.എ അംഗങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. യൂണിഫോമുമായി ബന്ധപ്പെട്ട എന്തു പ്രശ്നവും ഞങ്ങൾ പരിഹരിച്ച് തരുന്നതാണ്. ഇനിയും ആശങ്കകൾ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ജൂലൈ 18 ന് 3 മണിക്ക് സ്കൂളിൽ എത്തുമല്ലോ… നേരിട്ട് സംസാരിക്കാം. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കേണ്ടതാണ്. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്. – ഹെഡ്മിസ്ട്രസ്
