കോഴിക്കോട്: സാമൂഹിക മാധ്യമങ്ങൾ വഴി ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സേവ് നിമിഷപ്രിയ ഇൻ്റർ നാഷണൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവന ചുവടെ:
‘നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്കായി അഞ്ച് വർഷമായി ഞങ്ങളുടെ ആക്ഷൻ കൗൺസിൽ നിയമ പോരാട്ടങ്ങളും നയതന്ത്ര ഇടപെടലുകളും ഉൾപ്പെടെ നിരന്തരമായ പരിശ്രമങ്ങൾ നടത്തുന്നു. പക്ഷെ കേസിന്റെ കാര്യത്തിൽ ഇന്ന് വരെ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ആദരണീയരായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് അഞ്ചുവർഷത്തെ നിയമ പോരാട്ടങ്ങൾ കൊണ്ട് ലഭിക്കാത്ത ആശ്വാസകരമായ നേട്ടമുണ്ടാക്കുന്നത്. ഇരയുടെ കുടുംബവുമായി ആശയവിനിമയം നടത്താനും മധ്യസ്ഥ നീക്കങ്ങൾ ഉണ്ടാക്കാനും താൽകാലികമായി വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കാനും കാന്തപുരം ഉസ്താദിന്റെ ഇടപെടലിലൂടെ സാധിച്ചത് നിമിഷയുടെ കേസിന്റെ കാര്യത്തിലെ ഏറ്റവും വലിയ വിജയമാണ്.
പക്ഷേ, നിമിഷയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ ഒരു സമയമായിട്ടും അങ്ങേയറ്റം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാമണിയുടെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബുബക്കർ മുസ്ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബങ്ങളുമായി ദമാറിൽ തുടർന്നു കൊണ്ടിരുന്ന ചർച്ച സങ്കീർണ്ണമാകുന്ന രൂപത്തിലേക്ക് വഴിമാറുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇരയുടെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ച് കൊണ്ടും അവരെ അവഹേളിച്ച് കൊണ്ടും ചില മീഡിയകളിൽ വന്ന ചില റിപ്പോർട്ടുകൾ യമനിൽ പ്രചരിച്ചത് കാരണം മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായ കുടുംബത്തിലെ കാരണവന്മാർക്കെതിരെ യുവാക്കൾ പ്രതിഷേധം നടത്തുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നു.
അങ്ങേയറ്റം വേദനാ ജനകമായ ഒരു കാര്യമാണിത്. ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മലയാളികൾക്ക് തന്നെ അപമാനകരമായ കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്കാണ് ഇപ്പോൾ പ്രയാസം നേരിടുന്നത്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തർക്കങ്ങളും റേറ്റിങ് വർദ്ധിപ്പിക്കാനുള്ള വാർത്തകളും നടത്തരുതെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്. അത്തരം താല്പര്യമുള്ള ആളുകൾക്ക് ദൃശ്യത നൽകാതെ മാറ്റി നിർത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാവണം. സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
