അത്തോളി : സ്കൂൾ തുറന്ന് മാസം ഒന്നര കഴിഞ്ഞിട്ടും അത്തോളി ഹൈസ്ക്കുളിലെ എട്ടാം ക്ലാസിലെ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യൂണിഫോമില്ല. മൊത്തം കുട്ടികളുടേയും യൂണിഫോം തയ്ക്കാൻ പി.ടി.എ ദൂര സ്ഥലത്തെ ടൈലറിംഗ് സ്ഥാപനത്തിന് കരാർ കൊടുത്തതാണ് യൂണിഫോം വൈകാൻ കാരണമായിരിക്കുന്നത്. നാട്ടിലെ തയ്യൽ തൊഴിലാളിളേയും ടൈലറിംഗ് സ്ഥാപനങ്ങളേയും അവഗണിച്ചാണ് ബാലുശ്ശേരിയിലുള്ള ഏതോ സ്ഥാപനത്തിന് കരാർ നൽകിയിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. പി.ടി.എ യുടെ ചുമതലവഹിക്കുന്ന ചിലരുടെ കമ്മിഷൻ മോഹമാണ് ഇതിന് പിന്നിലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
രണ്ട് സെറ്റ് യൂണിഫോമിന് 2000 മുതൽ 2400 വരെ തുക ഈടാക്കുന്നുണ്ട് എന്നാണ് പരാതി. ദൂര ദിക്കിൽ തയ്ക്കാൻ കൊടുക്കുന്നതിനാൽ തയ്കലിൽ പാകപ്പിഴവ് സംഭവിച്ചാൽ പരിഹരിക്കാൻ സാധിക്കാറില്ലെന്ന് മുൻ വർഷത്തെ അനുഭവം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പറയുന്നു. തയ്ച്ച് കിട്ടിയ യൂണിഫോം പാകമാക്കാൻ നാട്ടിലെ തയ്യൽ കടയിൽ കൊടുത്താൽ അവർ സ്വീകരിക്കില്ല. തയ്പിച്ച സ്ഥലത്തു നിന്നു തന്നെ പാകമാക്കി വാങ്ങിക്കോളൂ എന്ന് പറഞ്ഞ് തിരിച്ചയക്കും. ഇതുകാരണം ഇറുകിയതും ലൂസായതുമായ യൂണിഫോമിട്ട് വിദ്യാഭ്യാസ വർഷം പൂർത്തിയാക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
മുൻ കാലങ്ങളിൽ വിദ്യാർത്ഥികൾക്ക് അവർക്ക് സൗകര്യമുള്ള തയ്യൽ കടകളിൽ നൽകി യൂണിഫോം തയ്ക്കാമായിരുന്നു. ഈ രീതിയാണ് പി.ടി.എ ഇടപെട്ട് നിർത്തൽ ചെയ്തത്. തങ്ങൾക്ക് ലഭ്യമായിരുന്ന തൊഴിൽ നഷ്ടമായതിൽ നാട്ടിലെ തയ്യൽ തൊഴിലാളികളും പ്രതിഷേധത്തിലാണ്. നാട്ടിലാവുമ്പോൾ കുറഞ്ഞ തുകയിൽ യൂണിഫോം തയ്ച്ചു കിട്ടുമായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.
