കേരളത്തിൽ ആദ്യത്തെ മൊബൈൽ പാസ്പോർട്ട് വാൻ തയ്യാറാകുന്നു .കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിൻ്റെ അധികാരപരിധിയിൽ , കേന്ദ്ര വിദേശകാര്യ മന്ത്രാലയ മാണ്ഈ നൂതന സൗകര്യം സജ്ജമാക്കുന്നത്. അപേക്ഷകരുടെ,പ്രത്യേകിച്ച് വിദൂര മേഖലയിലും ഉൾനാടൻ പ്രദേശത്തും താമസിക്കുന്നവരുടെ യാത്രാദൂരം കുറയ്ക്കാനും നടപടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പാസ്പോർട്ട് സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു,
വയനാട് ജില്ലയിലാണ് മൊബൈൽ പാസ്പോർട്ട് വാൻ ആദ്യം ഉപയോഗപ്പെടുത്തുന്നത്.വയനാട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2024 സെപ്റ്റംബർ 28-29 തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കോഴിക്കോട് ആർപിഒ, പ്രത്യേക പാസ്പോർട്ട് ക്യാമ്പ് സംഘടിപ്പിക്കുo . മേപ്പാടി ഗ്രാമപഞ്ചായത്തിലെ താമസക്കാർക്കുള്ള പാസ്പോർട്ട് സേവനങ്ങൾ, പ്രത്യേകിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സമീപകാലത്തുണ്ടായ മണ്ണിടിച്ചിൽ സാരമായി ബാധിച്ചവർക്കും വാതിൽപ്പടി സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
വയനാട്ടിലെ ദുരിതബാധിത സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന സവിശേഷമായ വെല്ലുവിളികൾ നേരിടാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്ഈ ക്യാമ്പ്. ഇവിടെ നിന്ന് 100-ലധികം അപേക്ഷകർക്ക് പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
