അത്തോളിയുടെ എക്കാലത്തേയും മികച്ച കലാ പ്രതിഭയായിരുന്ന ആർ.വി സതീഷിന് നാടിൻ്റെ നാടകാർപ്പണം. കൊങ്ങന്നൂർ സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് അത്തോളിയിലെ കലാ സ്നേഹികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ആർ. വി സതീഷിൻ്റെ ഓർമ്മകളുമായി അദ്ദേഹം നിരവധി വേദികളിൽ അവതരിപ്പിച്ച കിഴവനും കഴുതയും എന്ന നാടകം അരങ്ങിലെത്തുന്നത്. ഏപ്രിൽ 11 ന് വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൊങ്ങന്നൂർ പറക്കുളം വയലിലെ വേദിയിൽ നാടകം അവതരിപ്പിക്കും.
അത്തോളിയുടെ കലാ സാംസ്ക്കാരിക രംഗത്ത് പ്രതിഭയുടെ അനുപമ ശോഭയാൽ നടനായും സംവിധായകനായും നിറഞ്ഞുനിന്ന സാന്നിദ്ധ്യമായിരുന്നു ആർ വി സതീഷ്. അത്തോളിയിലെ മറ്റ് നാടക പ്രവർത്തകരോടൊപ്പം അദ്ദേഹം പ്രധാന കഥാപാത്രമായി അഭിനയിച്ച നാടകമാണ് ജി. ശങ്കരപ്പിള്ളയുടെ കിഴവനും കഴുതയും. ആർ. വി. സതീഷിൻ്റെ കൂടെ അഭിനയിച്ചവരും പ്രാദേശിക കലാകാരൻമാരുമാണ് നാടകം തയ്യാറാക്കിയത്. ആർ.വിയോടൊപ്പം നിരവധി വേദികളിൽ വേഷമിട്ട അഷ്റഫ് ചീടത്തിൽ ആണ് സംവിധായകൻ.
എൺപതുകളിലാണ് സതീഷും സംഘവും അത്തോളിലെ കലാ രംഗത്ത് സജീവമായത്.
മാണി കോയ കുറുപ്പ് എന്ന പേരിൽ അത്തോളിയിലും പരിസര പ്രദേശങ്ങളിലും കലാരംഗത്ത് പ്രസിദ്ധരായിരുന്ന ആർ വി സതീഷ്, എ പി മുഹമ്മദാലി, കെ പ്രകാശ് എന്നിവരുടെ കൂടെ അഷറഫ് ചീടത്തിൽ, സുന്ദരൻ കോതങ്ങാട്ട്, പി.വി. സുരേഷ്, റഷീദ് മണപ്പാട്ടിൽ തുടങ്ങിയവർ ഒത്തു ചേർന്നപ്പോൾ അത്തോളിയിൽ എണ്ണമറ്റ സാമൂഹിക നാടകങ്ങളും ആധുനിക നാടകങ്ങളും അരങ്ങിലെത്തി.
ഗുരുവായൂരപ്പൻ കോളേജ് പഠനകാലത്ത് നാടക പ്രതിഭയായിരുന്ന രാമചന്ദ്രൻ മൊകേരിയുടെ ശിഷ്യനായിരുന്നു സതീഷ്. തൃശൂർ സ്കൂൾ ഡ്രാമയിൽ നിന്ന് നാടക സങ്കേതങ്ങൾ മനസ്സിലാക്കി. കലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ സോൺ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. നാട്ടിലും നഗരത്തിലും ഒട്ടേറെ നാടകങ്ങളിൽ സംവിധായകനായും നടനായും പ്രവർത്തിച്ചു. അത്തോളിയിലെ കലാകാരൻമാർ കൂടിച്ചേർന്ന് ആല എന്ന പേരിൽ സാംസ്കാരിക സംഘടനക്ക് രൂപം നൽകിയപ്പോൾ അതിൽ മുഖ്യ കണ്ണിയായി.
നാടക സംവിധാനത്തിൽ അഭിനയത്തിൻ്റെ സൂക്ഷ്മ ഭാവങ്ങളെ പൊലിപ്പിച്ചെടുക്കാനുള്ള സതീഷിൻ്റെ കഴിവ് സവിശേഷമായിരുന്നുവെന്ന് നാടക പ്രവർത്തകനായ അഷ്റഫ് ചീടത്തിൽ പറയുന്നു. നാടകത്തിൽ നൃത്തത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി സതീഷ് പൂക്കാട് കലാലയത്തിൽ നൃത്ത പഠനത്തിന് ചേർന്നിരുന്നു.
സിനിമയായിരുന്നു സതീഷിൻ്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മരണം
ഒരു വാഹനാപകടമായെത്തി 1991 ൽ അത്തോളിയുടെ മികച്ച കലാകാരനെ തട്ടിയെടുത്തത്.
