ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചു കൊണ്ടുള്ള സ്പേസ് എക്സിൻ്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്ലോറിഡ തീരത്തെ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. പേടകം കപ്പലിൽ കയറ്റിയ ശേഷം യാത്രികരെ സുരക്ഷിതരായി പുറത്തിറക്കി. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് സുനിത വില്യംസിനൊപ്പം പേടകത്തിൽ ഉണ്ടായിരുന്നത്.
പുലർച്ചെ 4.25 ന് പുറത്തിറങ്ങിയ ഇവരെ ആരോഗ്യ പരിശോധനക്കായി കൊണ്ടുപോയി. 287 ദിവസമാണ് സംഘം ബഹിരാകാശത്ത് കഴിഞ്ഞത്.

കഴിഞ്ഞ ജൂൺ അഞ്ചിനാണ് സുനിതയും ബുച്ച് വിൽമോറും അടങ്ങിയ സംഘത്തിൻ്റെ ബഹിരാകാശ ദൗത്യം തുടങ്ങിയത്. ജൂൺ 13 ന് തിരിച്ചെത്താനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർ ലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാർ കാരണം തിരികെയുള്ള യാത്ര മുടങ്ങി. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് സംഘം ഇപ്പോൾ സുരക്ഷിതരായി തിരികെ എത്തിയിരിക്കുന്നത്. ഫാൽക്കൺ 9 റോക്കറ്റ് വഴി നാല് പേരടങ്ങിയ ക്രൂ 10 സംഘം ഐ. എസ്. എസ് പേടകത്തിൽ എത്തി ശേഷമാണ് ക്രൂ 9 സംഘം തിരികെ യാത്ര തിരിച്ചത്. പുതിയ സംഘാംഗങ്ങൾക്ക് ഗവേഷണ ചുമതലകൾ ഏൽപ്പിച്ച ശേഷം സുനിതയും സംഘവും ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. 18 ന് രാവിലെയാണ് സ്പേസ് എക്സ് ഡ്രാഗൺ ക്രൂ 9 പേടകം ഭൂമിയിലേക്ക് യാത്ര തുടങ്ങിയത്
