ബുധനാഴ്ച മലപ്പുറം താനൂരിൽ നിന്ന് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെയും മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തി. കേരള പൊലീസിൻ്റെയും മുംബൈ മലയാളികളുടേയും രാവും പകലും നീണ്ട നിതാന്ത ജാഗ്രതയോടെയുള്ള തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താനായത്. മുംബൈ- എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് ( വെള്ളി) പുലര്‍ച്ചെ 1.45 ന് ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് ഇവരെ കണ്ടെത്തിയത്.
വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവർ മുംബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ രൂപമാറ്റത്തിനായി ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും സ്ഥിരികരിച്ചു.
മൊബൈല്‍ ഫോൺ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. രാത്രി ഒമ്പത് മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടത് വഴിത്തിരിവായി.

സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാണെന്നാണ് ഇവർ സലൂണിൽ വെച്ച് പറഞ്ഞത്. തങ്ങളെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവർ അവിടെ നിന്ന് കടന്നുകളഞ്ഞു. നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷനിൽ എത്തി. നാല് മണിക്കൂറോളം അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തില്‍ നിർണായകമായത്.
ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.
