അത്തോളി : മത്സ്യ കൃഷിയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച അത്തോളി കൂടത്തം കണ്ടി മനോജിന് നാടിൻ്റെ അന്ത്യാഞ്ജലി. നാടിൻ്റെ നാനാഭാഗത്തു നിന്നായി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് മരണപ്പെടുന്നത്. 59 വയസ്സയിരുന്നു. പരേതരായ ദേവദാസൻ ഗംഗാദേവി ദമ്പതികളുടെ മകനാണ്. സുനിത (കണ്ണൂർ ) യാണ് ഭാര്യ. മീനാ കുമാരി, വിജയ ലക്ഷ്മി, രാജീവൻ, ശുഭ ലക്ഷ്മി, ഷർമ്മിള , സന്തോഷ് കുമാർ എന്നിവർ സഹോദരങ്ങളാണ്.

മത്സ്യ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയം നേടിയ മനോജ് നിരവധി പേർക്ക് മത്സ്യം വളർത്തലിൽ മാതൃകയായിരുന്നു. ഈ മേഖലയിലെ മികവിന് 2011 ലും 2012 ലും തുടർച്ചയായി രണ്ടു തവണ ദേശീയ അവാർഡും
2020 ൽ മികച്ച ഓരു ജല കർഷകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
മനോജ് വികസിപ്പിച്ചെടുത്ത അത്തോളി നമ്പ്യാട്ടും പുറത്തെ നാഷണൽ അക്വാ ഫാം ജില്ലയിലെ മികച്ച കരിമീൻ ഫാമാണ്. കുടുംബ സ്വത്തായി കിട്ടിയ അഞ്ച് ഏക്കർ വെള്ളക്കെട്ട് പാകപ്പെടുത്തിയാണ് മനോജ് മത്സ്യ കൃഷി തുടങ്ങിയത്. വിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയായിരുന്നു അത്തോളിയിലെ ഈ മത്സ്യ ഫാം. വിവിധ ജില്ലകളിലെ മത്സ്യ കർഷകർക്ക് മനോജ് പരിശീലനം നൽകിയിട്ടുണ്ട്.

ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയായ മനോജ് തൻ്റെ ജീവിതം മത്സ്യ കൃഷിക്ക് സമർപ്പിക്കുകയായിരുന്നു. ആറാം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിൽ മനോജിൻ്റെ മത്സ്യ കൃഷി കുട്ടികൾക്ക് പഠന വിഷയമായിരുന്നു. ചെലവ് കുറഞ്ഞ കൂട് മത്സ്യ കൃഷി, വെള്ളത്തിൽ അലിയാത്ത മത്സ്യത്തീറ്റ എന്നിവക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്, ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ അംഗീകാരം ലഭിക്കുകയുണ്ടായി. സാമ്പത്തിക ലാഭത്തിലുപരി സാമ്യൂഹ്യ പ്രവർത്തനമായാണ് മനോജ് മത്സ്യ കൃഷിയെ കണ്ടിരുന്നത്.
