തിരുവങ്ങൂർ : കാപ്പാട് തൈമയിലെ നൂർ മഹലിൽ പി. പി. ഗഫൂറിന്റെയും ഷമീനയുടെയും മകൾ ഷഹ്മയുടെ വിവാഹം ഓർമ്മകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മനസ്സിൽ ഹരിതാഭമായി തഴച്ചുവളരും.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ച് മടങ്ങിയ ഓരോ അതിഥിയുടെയും കൈകളിൽ പേരക്ക, ചാമ്പക്ക തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഓരോ തൈകൾ ഓർമ്മസമ്മാനമായി
നൽകി യാത്രയയപ്പുനൽകുകയായിരുന്നു കുടുംബം. വിവാഹ ചടങ്ങുകൾ ധൂർത്തിൻ്റെ മേളകളാകുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകർന്നുനൽകുന്ന വേറിട്ട ആശയം അതിഥികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
വൃക്ഷത്തൈ നട്ട് പ്രകൃതിക്ക് കരുതലാകാൻ പ്രചോദനം നൽകുന്ന ഈ ഉദ്യമം ചടങ്ങിനെ കൂടുതൽ അർത്ഥവത്താക്കി.
തങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരനുഭവം ആദ്യമാണെന്നും മറ്റ് കുടുംബങ്ങൾക്കും അനുകരിക്കാവുന്ന മാതൃകയാകുണിതെന്നും വിവാഹത്തിൽ പങ്കെടുത്തവർ പറഞ്ഞു

