അത്തോളി: തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയെയും ഉറപ്പായ തൊഴിലും വെട്ടിമാറ്റിയ മോദി സർക്കാറിനെതിരെ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടശ്ശേരിയിൽ തൊഴിലുറപ്പ് സംരക്ഷണ സായാഹ്ന ധർണ നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും മനോഹരമായ വികസന പദ്ധതികളിൽ ഒന്നായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നാളെകളിൽ ഒരു സ്വപ്നം മാത്രമായി മാറുമെന്ന ആശങ്കയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ രമേശ് ബാബു അധ്യക്ഷനായി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട്, കെ.പി ഹരിദാസൻ ,അജിത് കുമാർ കരുമുണ്ടേരി, കെ.സത്യഭാമ , കെ.ടി.കെ ബഷീർ, അഡ്വ.സി.കെ ഷെറി എന്നിവർ സംസാരിച്ചു. യുഡിഎഫ് പഞ്ചായത്ത് കൺവീനർ ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷീബ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
