തീരമേഖലയിലെ മത്സ്യത്തൊഴിലാളി വിഭാഗം യുവാക്കൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുവാനായി ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായി ആവിഷ്കരിച്ച തൊഴിൽതീരം പദ്ധതിയിലേക്ക് നവംബർ 8 ന് രാവിലെ 10.30 മുതൽ 2 വരെ അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് രജിസ്ട്രേഷൻ നടക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വും അതിന് മുകളിലും യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. എസ്. എസ്. എൽ. സി പാസ്സായ നൈപുണ്യ പരിശീലനം ആവശ്യമുള്ളവർക്കും രജിസ്റ്റർ ചെയ്യാം. ആധാർ കാർഡ്, രക്ഷിതാവിൻ്റെ മത്സ്യത്തൊഴിലാളി പാസ് ബുക്ക്, സ്മാർട്ട് ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്.
2026-ആകുമ്പോഴേക്കും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ ലോകമെമ്പാടുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡിഡബ്ല്യുഎംഎസ്. പ്ലാറ്റ്ഫോം വഴിയാണ് രജിസ്റ്റർ ചെയ്യുക. പദ്ധതി പ്രകാരം തീരദേശ പ്രദേശങ്ങളിലുള്ളവർക്ക് ഈ വർഷം കുറഞ്ഞത് 2,000 തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ 10,000 പേർക്കെങ്കിലും നൈപുണ്യ പരിശീലനം നൽകും.
രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് മികച്ച ജോലി സാധ്യതകൾ അവരുടെ അഭിലഷണീയമായ മേഖലകളിൽ കണ്ടെത്തുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ആപ്പിൽ രജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ട മേഖലയിലെ ജോലികൾ ഡാഷ്ബോർഡിൽ ലഭ്യമാകും. ആപ്പിലൂടെ ഇംഗ്ലീഷ് പരിജ്ഞാനം, അടിസ്ഥാന കഴിവുകൾ എന്നിവ തൊഴിൽ ദാദാക്കൾക്ക് മനസിലാക്കാൻ സാധിക്കും. കൂടാതെ ഉദ്യോഗാർഥികൾക്ക് ആപ്പ് വഴി തങ്ങളുടെ തൊഴിലിൽ മികവ് നേടുന്നതിനാവശ്യമായ പരിശീലനവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് കൊയിലാണ്ടി മത്സ്യ ഭവനുമായി ബന്ധപ്പെടാം
