കോരപ്പുഴയും ആനപ്പാറയും അത്തോളിയും അണ്ടിക്കോടുമെല്ലാം കഥാ പശ്ചാത്തലമാക്കി രമേശ് പൊയിൽത്താഴത്ത് രചിച്ച തിറക്കൊട്ട് നോവലിൻ്റെ പ്രകാശനം തൃശൂരിൽ നടന്നു. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ ചരിത്ര പണ്ഡിതനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ എസ്.കെ വസന്തൻ ചെറുകഥാകൃത്ത് എൻ. രാജന് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ജീവിതത്തിൻ്റെ ഉന്നത തലങ്ങളിൽ വിരാജിക്കുന്നവരുടേത് മാത്രമായി ചരിത്രം രേഖപ്പെടുത്തപ്പെടുമ്പോൾ ജീവിതത്തിൻ്റെ പുറമ്പോക്കുകളിൽ അരികുജീവിതം നയിച്ച സാധാരണക്കാരെ വാക്കുകളാൽ അടയാളപ്പെടുത്താനുള്ള ശ്രമമാണ് തിറക്കൊട്ടിൽ നോവലിസ്റ്റ് നടത്തുന്നതെന്ന് എസ് കെ വസന്തൻ പറഞ്ഞു.
മനുഷ്യൻ ദൈവമായി വെളിച്ചപ്പെടുമ്പോൾ ചിലമ്പും അരമണിയും കിലുങ്ങുന്ന കൽപന ഭാഷയുടെ തരംഗദൈർഘ്യമുണ്ട് രമേശ് പൊയിൽത്താഴത്തിൻ്റെ ആഖ്യാനത്തിനെന്ന് എൻ. രാജൻ അഭിപ്രായപ്പെട്ടു.
അഷ്ടവൈദ്യൻ ഡോ. ഇ ടി നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ചു. കഥാകൃത്ത് മനോജ് വെങ്ങോല നോവൽ പരിചയപ്പെടുത്തി. പുരോഗമന കലാ സാഹിത്യ സംഘം തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.വി. അനിൽ കുമാർ, കെ.ടി. ശേഖർ, യശോദ ശ്രീധരൻ എന്നിവർ സംസാരിച്ചു. രമേശൻ പൊയിൽ താഴത്ത് മറുമൊഴി പറഞ്ഞു. തോമസ് മേപ്പുള്ളി സ്വാഗതവും ഹാരിസ് പോൾ നന്ദിയും പറഞ്ഞു. ഹാസ്റ്റോം പബ്ലിഷേഴ്സാണ് പ്രസാധകർ.

കോരപ്പുഴയുടെ ഗതിഭേദങ്ങൾക്കൊപ്പം
ഓരുവെള്ളത്തിൻ്റെ മണം പേറുന്ന സാധാരണക്കാരുടെ ജീവിത ചിത്രണമാണ് നോവലെന്ന് പ്രശസ്ത നിരൂപകൻ
എൻ പി വിജയകൃഷ്ണൻ ആമുഖക്കുറിപ്പിൽ പറയുന്നു. ചരിത്രവും പഴങ്കഥകളും പുരാവൃത്തങ്ങളും ഓർമയും നോവലിൽ ഇടകലരുന്നു. തിറയുടെ ദൃശ്യ സമൃദ്ധിയും കൊട്ടിൻ്റെ, ശബ്ദചാതുര്യവും മേളിക്കുന്നതാണ് രമേശിൻ്റെ എഴുത്ത്.
തലക്കുകളത്തൂർ അണ്ടിക്കോട് സ്വദേശിയായ രമേശൻ പൊയിൽതാഴത്തിൻ്റെ രണ്ടാമത് കൃതിയാണ് തിറക്കൊട്ട്. പൂക്കാത്ത കരിമ്പിൻപാടങ്ങൾ എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ കൃതി. തൃശൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഗ്രൂപ്പിൽ എച്ച്.ആർ മേധാവിയാണ്.
