കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ മണ്ണും പാറകെട്ടുകളും മരവും റോഡിലേക്ക് പതിച്ചു. ഗതാഗതം പൂർണമായും നിലച്ചു. രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായാണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുന്നത്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കല്ലും മരങ്ങളും നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗിച്ച് മാത്രമേ റോഡ് ഗതാഗത യോഗ്യമാക്കാൻ കഴിയൂ. ഇരുവശത്തുനിന്നും ഈ വാഹനങ്ങൾ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
അടിവാരം മുതൽ ലക്കിടി വരെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഓണാവധിക്കാലമായതിനാൽ യാത്രികരുടെ തിരക്ക് കൂടുതലാണ്. പലരും മണിക്കൂറുകളായി വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസവും ചുരത്തിൽ അപകടം നടന്നതിനെത്തുടർന്ന് ഏഴ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

അടിവാരത്ത് നിന്ന് പൊലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ യാത്ര തിരിച്ചുവിടുന്നുണ്ട്. ചുരം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്.
