രത്തൻ ടാറ്റ അന്തരിച്ചു
ടാറ്റ ഗ്രൂപ്പ് മുൻ
ചെയർമാനും ആഗോളതലത്തിൽ സുസ്ഥിരവും വിശാലവുമായ ഇന്ത്യൻ കമ്പനിയെ പ്രതിനിധീകരിക്കുകയും ചെയ്ത മുതിർന്ന വ്യവസായി
രത്തൻ ടാറ്റ അന്തരിച്ചു. ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാജ്യത്തിൻ്റെ ഘടനയെ രൂപപ്പെടുത്തുകയും, അളവറ്റ സംഭാവനകൾ നൽകുകയും ചെയ്ത, അസാധാരണ നേതൃത്വമായിരുന്നു രത്തൻ നേവൽ ടാറ്റയെന്ന് ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ദീർഘദർശിയായ ബിസിനസ് നേതൃത്വവും അനിതരസാധാരണമായ മനുഷ്യത്വവും അനുകമ്പയും ഒന്നു ചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
1937 ഡിസംബർ 28ന് മുംബെയിലാണ് ജനനം.
കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർകിടെക്ടിൽ ബിരുദം നേടി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 1962 ലാണ് രത്തൻ ടാറ്റ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. ടെൽകോ, ടാറ്റമോട്ടോഴ്സ് തുടങ്ങി ടാറ്റ ഗ്രൂപ്പിൻ്റെ നിരവധി കമ്പനികളുടെ ചുമതല അദ്ദേഹം വഹിച്ചു. ജെ.ആർ.ഡി ടാറ്റക്ക് ശേഷം 1991 ൽ അദ്ദേഹം ടാറ്റ ഗ്രൂപ്പിൻ്റെ നേതൃ പദവിയിലെത്തി. യുവാക്കൾക്ക് പ്രധാന പദവികൾ നൽകിക്കൊണ്ട് കമ്പനികളെ കൂടുതൽ ഊർജ്ജസ്വലമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ പരിഷ്കാരം. 1996 ൽ ടാറ്റ ടെലികോം സർവ്വീസസിനും 2004 ൽ ഐ.ടി മേഖലയിൽ ടാറ്റ കൺസൽട്ടൻസി സർവ്വീസിനും തുടക്കമിട്ടു.
