ജേർണലിസം കോഴ്സ് പൂർത്തിയാക്കി പട്ടികജാതി-പട്ടികവർഗ യുവതീയുവാക്കൾക്ക് വിവിധ പത്രമാധ്യമ സ്ഥാപനങ്ങളിൽ ട്രെയ്നിയായി നിയമനം ലഭിക്കുന്ന പദ്ധതി പട്ടികജാതി-പട്ടികവർഗ ക്ഷേമമന്ത്രി ഒ.ആർ.കേളു പ്രഖ്യാപിച്ചു. പട്ടികജാതി വികസനവകുപ്പ് നടപ്പാക്കിവരുന്ന TRACE പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുക.
ജേർണലിസം ബിരുദധാരികളായ എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ട 15 പേരെ കേരള മീഡിയ അക്കാദമി മുഖേന തിരഞ്ഞെടുക്കും. ഇവർക്ക് മാധ്യമസ്ഥാപനങ്ങളിൽ ട്രെയ്നിയായി പ്രവർത്തിക്കുമ്പോൾ മാസം 15000 രൂപ സർക്കാരിന്റെ സ്റ്റൈപ്പന്റായി നൽകും. മാധ്യമസ്ഥാപനങ്ങളും അനുയോജ്യമായ വിഹിതം നൽകണം. ഇതു നടപ്പാക്കാൻ കേരള മീഡിയ അക്കാദമി തയ്യാറാണെന്ന് തിരുവനന്തപുരത്ത് നടന്ന അംബേദ്കർ അനുസ്മരണ മാധ്യമ അവാർഡ് സമ്മേളനത്തിൽ മീഡിയ ആക്കാദമി ചെയർമാൻ ആർ. എസ്. ബാബു അറിയിച്ചു. സർക്കാർ തലത്തിലെ തുടർ നടപടികൾ വൈകാതെ ഉണ്ടാകുമെന്ന് വകുപ്പ് ഡയറക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു
