അത്തോളി: മത പരിവർത്തന കുറ്റം ആരോപിച്ച് ഛത്തീസ് ഘഡിൽ അറസ്റ്റ് ചെയ്ത കന്യാ സ്ത്രീകളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാ സാഹിത്യ സംഘം അത്തോളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കയ്യൊപ്പ് പ്രതിഷേധം സംഘടിപ്പിച്ചു. എസ്. എഫ്. ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് രാജ് ഉദ്ഘാടനം ചെയ്തു. പു.ക.സ അത്തോളി പഞ്ചായത്ത് സെക്രട്ടറി എം ജയകൃഷ്ണൻ്റെ അധ്യക്ഷതയിൽനടന്ന പരിപാടിയിൽ കെ കെ ശോഭ, സുധ കാപ്പിൽ എന്നിവർ സംസാരിച്ചു.

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് മത പരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നത്. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ മൂന്നു പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്.

മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. കന്യാസ്ത്രീകൾ ഇപ്പോൾ ജാമ്യത്തിലാണ്.
പ്രതിഷേധ പരിപാടിയിൽ എ കെ രാജൻ സ്വാഗതവും എസ് അനിൽകുമാർ നന്ദിയും പറഞ്ഞു.
