പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിൻ്റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് തീരുമാനമായി. തിരുവനന്തപുരത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ കാനത്തിൽ ജമീല എം.എൽ. എ സന്നിഹിതയായിരുന്നു.
നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്.
സ്ഥലം ലഭ്യമല്ലാത്തതിനാല്‍ കെട്ടിടം നിര്‍മ്മാണം അനിശ്ചിതത്വത്തിലായിരുന്നു.
ട്രഷറിയുടെ നിർമ്മാണത്തിനുള്ള തുക ട്രഷറി വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്താനാകുമെന്ന് ട്രഷറി ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാലായിരുന്നു പദ്ധതി നീണ്ടു പോയത് .

രജിസ്ട്രേഷന് വകുപ്പിന്റെ കീഴില്‍ തച്ചന്‍കുന്നില്‍ പയ്യോളി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലം ട്രഷറി നിര്‍മ്മാണത്തിനായി വിട്ടുനല്‍കുന്നതിന് രജിസ്ട്രേഷന് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് രജിസ്ട്രേഷന് വകുപ്പിന്റെ സ്ഥലത്ത് സബ് ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിസീവ് സാങ്ഷന് നല്‍കുന്നതിന് തീരുമാനമായത്. സീനിയർ സിറ്റിസൺസ് ഉൾപ്പെടെ ട്രഷറിയെ ആശ്രയിക്കുന്ന പയ്യോളിയിലെ ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.
യോഗത്തില്‍ രജിസ്ട്രേഷന് വകുപ്പ് ഐ.ജി ശ്രീധന്യ ഐ.എ.എസ്, ട്രഷറി ഡയറക്ടര്‍ സാജന്.വി, രജിസ്ട്രേഷന് വകുപ്പ് ജോയിന്റ് ഐ.ജി സജന്‍കുമാര്‍, ടാക്സസ് വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ് , മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു
