കോഴിക്കോട്ടും ജാഗ്രതാ നിർദേശം
പാലക്കാട് : സംസ്ഥാനത്ത് രണ്ട് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരാൾ മലപ്പുറം സ്വദേശിയാണ്. മറ്റൊരാൾ പാലക്കാട് നാട്ടുകൽ സ്വദേശിനിയാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിശോധനയിലാണ് പാലക്കാട് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പാലക്കാട് നാട്ടുകൽ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗ ബാധിതയായ 38 വയസ്സുകാരി ചികിത്സയിലുള്ളത്. നേരത്തെ മൂന്ന് സ്ഥലങ്ങളിൽ ഇവർ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശമുണ്ട്.
രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയക്കുകയായിരുന്നു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്കി. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
