വാസുദേവൻ കുപ്പാട്ട്
നടന് മേഘനാദന് വിട പറയുമ്പോള്‍ പ്രതിനായക വേഷങ്ങളില്‍ തിളങ്ങിയ നടനെയാണ് മലയാളസിനിമക്ക് നഷ്ടമാവുന്നത്. പഞ്ചാഗ്നി എന്ന ചിത്രത്തിലെ നിഷേധിയും ഒരു തരത്തില്‍ ധിക്കാരിയുമായ യുവാവിനെ അവതരിപ്പിക്കുക വഴി മേഘനാദന് വ്യത്യസ്തമായ അഭിനയതലം കാഴ്ചവെച്ചു. എം.ടിയുടെ രചനയില്‍ ഹരിഹരന് സംവിധാനം ചെയ്ത ആ ചിത്രത്തിലെ വേഷം മിഴിവുറ്റതാക്കുന്നതില്‍ മേഘനാദന് വിജയിച്ചു. അത്തരത്തില്‍ ഉളളില്‍ തട്ടുന്ന വേഷങ്ങള്‍ മേഘനാദനെ പിന്നീട് അത്രയൊന്നും തേടിയെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
…ഈ പുഴയും കടന്ന് എന്ന കമല്‍ ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ചമയം, ചെങ്കോല്‍, ഭൂമിഗീതം, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്, ഉദ്യാനപാലകന്‍, കുടമാറ്റം, ഉല്ലാസപൂങ്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമന് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ആക്്ഷന്‍ ഹീറോ ബിജുവിലെ രാജേന്ദ്രന് എന്ന അച്ഛന് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഭാര്യ മറ്റൊരു വീട്ടില്‍ ജോലിക്ക് പോകുന്നത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്, സ്നേഹനിധിയായ അച്ഛന് ഈ വേഷത്തില്‍ മേഘനാദന് നിരൂപകരുടെ പ്രശംസ നേടുകയുണ്ടായി. ആക്്ഷന്‍ ഹീറോ ബിജുവിലെ ചെറിയ വേഷം പ്രശംസ നേടുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ചിത്രം പുറത്തുവന്നപ്പോള്‍ അഭിനന്ദനത്തിന്റെ പ്രവാഹമായിരുന്നു. ഇനി അഭിനയത്തില്‍ ഉഴപ്പില്ലെന്നും ചെറിയ വേഷങ്ങള്‍ പോലും മെച്ചപ്പെടുത്തുമെന്നും മേഘനാദന് മനസ്സില്‍ തീരുമാനിച്ച സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ അഭിനയരംഗത്ത് ഏറെക്കാലം തുടരാന്‍ കാലം അനുവദിച്ചില്ല.

പി.എന്‍ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് മേഘനാദന്റെ തുടക്കം. അതില്‍ സ്റ്റുഡിയോ ബോയിയുടെ വേഷമായിരുന്നു. അച്ഛന് ബാലന് കെ. നായര്‍ വഴിയാണ് സിനിമയില്‍ എത്തുന്നത്. ഐ.വി ശശിയുടെ ഉയരങ്ങളില്‍ ആണ് ആദ്യകാലത്ത് അഭിനയിച്ച മറ്റൊരു ചിത്രം. വില്ലന്‍ വേഷങ്ങളിലും പ്രതിനായക വേഷങ്ങളിലും ഒതുങ്ങി നില്ക്കേണ്ടിവന്നു എന്നതായിരുന്നു മേഘനാദന്റെ പരിമിതി.അത് മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയാണ് വിയോഗം.
ആക്ഷന്‍ ബിജുവിനുശേഷം കൊച്ചിയില്‍ വിജയരാഘവന്റെ മകന്റെ വിവാഹസല്‍ക്കാരത്തിന് പോയപ്പോള്‍ സംവിധായകന് ജോണി ആന്റണിയെ കണ്ടു. ബിജുവിലെ വേഷത്തിന് ഷേക്ക് ഹാന്‍ഡ് നല്കിയ ജോണി ആന്റണി മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന് എന്ന ചിത്രത്തില്‍ കാസ്റ്റ് ചെയ്യുകയും ചെയ്തു. മാനസാന്തരപ്പെട്ട മദ്യപന്റെ റോളായിരുന്നു അത്.
മുപ്പത് വര്‍ഷം മുമ്പ് ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് മേഘനാദന് എപ്പോഴും ഓര്‍ക്കാറുണ്ട്.പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ നിന്ന് പോരുമ്പോള്‍ മമ്മൂട്ടി ഉറപ്പ് കൊടുത്തു. അടുത്ത സിനിമയില്‍ വിളിക്കും. കെ.മധുവിന്റെ ഗോഡ്്മാന് എന്ന ചിത്രത്തില്‍ വേഷം കിട്ടി. ഷാജൂണ്‍ കാര്യാലിന്റെ തച്ചിലേടത്ത് ചുണ്ടനിലും മികച്ചവേഷം കിട്ടിയതും മമ്മൂട്ടിയുടെ ഇടപെടല്‍ കാരണമായിരുന്നു.
മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്ക്കമ്പോള് എന്ന ചിത്രത്തില്‍ അഭിനയിച്ചതും നല്ല ഓര്‍മയായി മേഘനാദന് മനസ്സില്‍ സൂക്ഷിച്ചു.
ഘനഗംഭീരമായ ശബ്ദത്തിലുള്ള ഡയലോഗ് പ്രസന്റേഷന്, കണ്ണുകളില്‍ ക്രൂരതയുടെ മി്ന്നലാട്ടം ഇതെല്ലാമായിരുന്നു വില്ലന്‍ വേഷങ്ങളില്‍ മേഘനാദന്റെ ഹൈലൈറ്റ്. എന്നാല്‍ ജീവിതത്തിലും സെറ്റിലും ഒരു പാവം മനുഷ്യനായിരുന്നു മേഘനാഥന്. അവസാനചിത്രങ്ങളില്‍ ഒന്നായ കൂമനില്‍ അഭിനയിക്കുമ്പോള്‍ തന്നെ മേഘനാദന് രോഗത്തിന്റെ പിടിയിലായിരുന്നു. ശാരീരികമായി ക്ഷീണിച്ചിരുന്നു. ഗംഭീരമായ ശബ്ദം ഇടറിയിരുന്നുവെന്ന് തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്‍ ഓര്‍മിക്കുന്നു. ചെറിയ വേഷങ്ങളില്പോലും തന്റേതായ തിരിച്ചുവരവിന് ആഗ്രഹിച്ച അവസരത്തിലാണ് രോഗവും അതുവഴി മരണവും ഈ നടനെ തട്ടിയെടുത്തുകളഞ്ഞത്
