അത്തോളി : ഇടതു പക്ഷ ജനാധിപത്യമുന്നണി സർക്കാറിന് കീഴിൽ രാജ്യത്തിനും ലോകത്തിനും മാതൃകയായി കേരളം മുന്നേറിയപ്പോൾ അത്തോളി ഗ്രാമപഞ്ചായത്ത് വികസന മുരടിപ്പിൽ നിലച്ചുപോയതിന് ഉത്തരവാദികൾ അത്തോളി ഭരിച്ച യു ഡി എഫ് ഭരണസമിതിയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി അത്തോളിയിൽ ചേർന്ന എൽ.ഡി. എഫ് അനുഭാവി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രത്തിൽ ആദ്യമായി ജനപ്രിയ വികസന പദ്ധതികളുമായി പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഇടതുപക്ഷ സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറ്റവും അധികം ഫണ്ട് അനുവദിക്കുന്നത് എക്കാലത്തും ഇടത് സർക്കാരുകളാണ്. ലോക ശ്രദ്ധ പിടിച്ചു പറ്റിയ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ഗ്രാമീണ റോഡുകൾ ടാറിട്ടതായി മാറിയത് അധികാര വികേന്ദ്രീകരണത്തെ തുടർന്നാണ്.
സാമൂഹിക ക്ഷേമ പെൻഷൻ 2000 രൂപയാക്കിയതിൻ്റെ ആനുകൂല്യം ലഭിക്കുന്നത് 60 ലക്ഷം പേർക്കാണ്. യു. ഡി. എഫിൻ്റെ കാലത്ത് 30 ലക്ഷം പേർക്ക് 600 രൂപ വീതം നൽകിയാൽ മതിയായിരുന്നു. അതു പോലും ഒന്നരകൊല്ലം കുടിശ്ശികയാക്കി. എൽ. ഡി. എഫ് സർക്കാറിൻ്റെ കാലത്ത് മാത്രമാണ് ക്ഷേമ പെൻഷൻ വർദ്ധന ഉണ്ടായിട്ടുള്ളത്.

35 നും അറുപതിനും ഇടയിൽ പ്രായമുള്ള വീട്ടമ്മമാർക്ക് 1000 രൂപ പെൻഷൻ പ്രഖ്യാപിച്ചു. 32 ലക്ഷം വീട്ടമ്മമാർക്ക് ഈ ആനുകൂല്യം ലഭിക്കും. രാജ്യത്തിന് മാതൃകയാണിത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം ലോകത്ത് തലയുയർത്തി നിൽക്കുന്നു. 6406 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് രക്ഷ നേടി.
കോഴിക്കോട് – ഉള്ളേരി റോഡ് വികസനത്തിന് 82 കോടി രൂപ അനുവദിച്ചു. അത്തോളി സ്കുളിന് 3 കോടി നൽകി. വേളൂർ ജി. യു പി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചു. കാപ്പാട് – തുഷാരഗിരി റോഡിൽ അത്തോളി റീച്ചിന് ഒരു കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു. ഇങ്ങനെ സംസ്ഥാന സർക്കാറിൻ്റെ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അത്തോളിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അഴിമതിയും സ്വജനപക്ഷപാതവുമായിരുന്നു അത്തോളി ഭരിച്ച യു.ഡി.എഫിൻ്റെ മുഖമുദ്രയെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു. അഴിമതിക്ക് എതിരെ നിൽക്കുന്നവരെ മുന്നണിയിൽ നിന്ന് പുറത്താക്കുകയാണ്. ഇങ്ങനെ പുറത്താക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന നിരവധി പേരാണ് സംസ്ഥാനത്തും ജില്ലയിലുമായി ഇടതുമുന്നണിയുമായി സഹകരിക്കാനെത്തുന്നത്. കോൺഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി നാടിൻ്റെ മതേതരത്വവും വികസനവും ജനാധിപത്യവും സംരക്ഷിക്കുകയാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൻ.കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷാജി പി.എം, ഗിരീഷ് മൊടക്കല്ലൂർ എന്നിവർ സംസാരിച്ചു.
