അത്തോളി: ഉൾനാടൻ ജല ആവാസ വ്യവസ്ഥ സംരക്ഷണവും സംയോജിത മത്സ്യ വിഭവ പരിപാലനവും പദ്ധതിയുടെ ഭാഗമായി കോരപ്പുഴയിൽ കാരച്ചെമ്മീൻ വിത്ത് നിക്ഷേപിച്ചു. മത്സ്യ ലഭ്യത വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താനും വേണ്ടിയാണ് കോരപ്പുഴ വേളൂർ വെസ്റ്റ് ഭാഗത്ത് നാലു ലക്ഷത്തിലധികം കാരചെമ്മീൻ വിത്ത് നിക്ഷേപിച്ചത്. 2025 നവംബർ 3 ന് ആരംഭിച്ച പദ്ധതിയിൽ കോരപ്പുഴയിൽ വിവിധ ഇടങ്ങളിലായി ആകെ 18 ലക്ഷത്തിലധികം കാരചെമ്മീൻ വിത്തുകളും 2 ലക്ഷത്തിലധികം കരിമീൻ വിത്തുകളും നിക്ഷേപിച്ചു. 40 കിലോമീറ്ററോളം നീളമുള്ള നദിയിൽ പഠനങ്ങൾ അനുസരിച്ച് 13 ഫാമിലിയിൽ 18 ഇനം മത്സ്യം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക മത്സ്യബന്ധനത്തിന് ഊന്നൽ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ 9 ജില്ലകളിൽ 10 പുഴകളിലായി ഈ പദ്ധതി നടപ്പിലാക്കിവരുന്നു.വേളൂർ വെസ്റ്റ് ഭാഗത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം .ജയകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത മാപ്പുറത്ത് അധ്യക്ഷയായി. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുനീർ.വി. റിപ്പോർട്ട് അവതരണം നടത്തി. വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ വിവിധ വാർഡ് മെംബർമാർ, ഉൾനാടൻ സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി.ആതിര ഒ സ്വാഗതവും പ്രൊജക്റ്റ് കോഡിനേറ്റർ അർജുൻ വി.കെ നന്ദിയും പറഞ്ഞു.
