അത്തോളി: ലോകോത്തര പ്രീ-സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഡൽഹി ആസ്ഥാനമായ ആസ്പയർ കിഡ്സ് അവതരിപ്പിക്കുന്ന കെജി എക്സലന്റ്
പ്രോഗ്രാം കേരളത്തിൽ ആദ്യമായി അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
കുട്ടികളുടെ സർവതോന്മുഖ വികസനത്തിനും ആധുനിക പഠനരീതികൾക്കും പ്രാധാന്യം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. കെ. അബ്ദുൽ കരീം അധ്യക്ഷനായ ചടങ്ങിൽ ആസ്പയർ കിഡ്സ് ട്രെയിനിംഗ് ഡയറക്ടർ റബീഹ് കാരാട്ട് നിർവഹിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പുതുമയാർന്ന പഠനസങ്കേതങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന രീതികളും ഉൾക്കൊള്ളുന്ന ഈ പദ്ധതി കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്തിന് പുതിയ ദിശാബോധം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റബീഹ് കാരാട്ട് പറഞ്ഞു.
ചടങ്ങിൽ സി. കെ. അബ്ദുറഹ്മാൻ, അബ്ദുറഷീദ് മുത്തുക്കണ്ടി, മാനേജ്മെന്റ് പ്രതിനിധി ഹാരിസ് ഹിലാൽ, വൈസ് പ്രിൻസിപ്പൽ ജിഷ ടീച്ചർ, അബൂബക്കർ കക്കഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കോമള ടീച്ചർ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. കെ. മുനീർ നന്ദിയും രേഖപ്പെടുത്തി.
കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ആസ്പയർ കിഡ്സ് കെ.ജി എക്സലൻസ് പ്രോഗ്രാം വഴി കുട്ടികൾക്ക് ആഗോള നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസാനുഭവം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു

