അത്തോളി: സംസ്ഥാന പാതയിൽ നിന്നും കൊടശ്ശേരി നടുച്ചാലിൽ നഗറിലേക്കുള്ള കോൺക്രീറ്റ് ഫുട്പാത്ത് സ്വകാര്യ വ്യക്തി കയ്യേറി യാത്ര തടസ്സപ്പെടുത്തിയതായി പരാതി. ഇതു സംബന്ധിച്ച് പ്രദേശവാസികൾ അത്തോളി പൊലീസിലും ഗ്രാമപഞ്ചായത്തിലും പരാതി നൽകി.
സ്വന്തം സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിനാണ് ഫുട്പാത്ത് മണ്ണിട്ട് നികത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം കുട്ടികൾക്ക് സ്കുളിൽ പോകുന്നതിനോ നാട്ടുകാർക്ക് കൊടശ്ശേരി ടൗണിലേക്ക് എത്തുന്നതിനോ കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയാൽ ചൂണ്ടിക്കാട്ടി. മഴക്കാലമായതിനാൽ നാട്ടുകാർക്ക് യാത്രാ പ്രശ്നം രൂക്ഷമായിരിക്കയാണ്.
ഫുട്പാത്ത് പുർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ സ്വകാര്യ വ്യക്തിക്ക് സഹായം ചെയ്തു കൊടുക്കുന്ന നിലപാടാണ് പഞ്ചായത്തിൻ്റേതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടികളുണ്ടാവുന്നില്ലെങ്കിൽ പഞ്ചായത്തിനെതിരെ ശക്തമായ പ്രക്ഷോഭവും നിയമ നടപടികളും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
