അത്തോളി : അത്തോളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലയിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അത്തോളി ചിക് ബേക്ക് ഫാസ്റ്റ് ഫുഡ്സ് റസ്റ്ററൻ്റിലാണ് ബാലുശ്ശേരി ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. 25 കിലോയിലധികം ഭക്ഷ്യ ഇറച്ചി കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് റിപ്പോർട്ട് ചെയ്തതായും അവർ പറഞ്ഞു.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദ്ദിയും ഉണ്ടായ കുനിയിൽ കടവ് സ്വദേശി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് പരാതിപെടുകയായിരുന്നു. ഈ പരാതിയനുസരിച്ചാണ് പരിശോധന നടന്നത്. വിവരം സാമൂഹിക മാധ്യമം വഴി പരസ്യമായതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ മറ്റു ചിലരും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
മുമ്പ് പലർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുള്ളതായി അത്തോളിയിലെ വാട്സാപ് കൂട്ടായ്മകളിൽ പലരും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പാകം ചെയ്യാൻ മുൻകൂട്ടി മസാല പുരട്ടി വെച്ച ഭക്ഷ്യമാംസമാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ പിടിച്ചെടുത്തതെന്ന് സ്ഥാപനത്തിൻ്റെ പാർട്ണർ പറഞ്ഞു. വേഗത്തിൽ പാകം ചെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഈ രീതിക്ക് മാറ്റം വരുത്തുമെന്നും അവർ വ്യക്തമാക്കി.
