ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ അത്തോളി ജങ്ഷൻ പുതിയ ഓഫീസ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഡ്രീം ബോക്സ് എന്ന പേരിൽ
നൂതന സംരംഭത്തിന് തുടക്കമിടുന്നു. സഹായങ്ങൾ ആവശ്യമുണ്ടായിട്ടും തുറന്നു പറയാൻ മടിക്കുന്നവരുടെ ആവശ്യങ്ങൾ സ്വകാര്യമായി നിർവ്വഹിക്കുകയെന്നതാണ് സ്വപ്നപ്പെട്ടി സംരംഭത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജൂലൈ 18 ന് വൈകീട്ട് അഞ്ചു മണിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യും.
അത്തോളി ജങ്ഷൻ്റെ പുതിയ ഓഫീസ് ഗേറ്റിന് സമീപം സ്ഥാപിക്കുന്ന സ്വപ്നപ്പെട്ടിയിൽ ആർക്കും ഏത് തരം ആവശ്യങ്ങളും എഴുതി നിക്ഷേപിക്കാം. വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റിന് വേണ്ടിയുള്ള അഭ്യർത്ഥനയാവാം. യുവാക്കൾക്ക് തൊഴിലിന് വേണ്ടിയുള്ള ആവശ്യമാവാം. ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള അഭ്യർത്ഥനകളും ആർക്കും എഴുതി ബോക്സിലിടാം.
ആഴ്ചകൾ തോറും അത്തോളി ജങ്ഷൻ ഭാരവാഹികൾ സ്വപ്നപ്പെട്ടി തുറന്ന്
അടിയന്തരമായ ആവശ്യങ്ങൾ പ്രത്യേകം വിലയിരുത്തി പരിഹാരം കാണും. ആവശ്യക്കാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടാവും സഹായ നടപടികൾ സ്വീകരിക്കുക.

കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾക്കായി എ.ജെ അക്കാദമിക് എക്സലൻസ് വഴി ടിവികൾ നൽകി തുടങ്ങിയതാണ് അത്തോളി ജങ്ഷൻ കൂട്ടായ്മ.
ആംബുലൻസ് സർവീസ് മുതൽ ശുചീകരണം വരെയുള്ള സാമൂഹിക പ്രതിബദ്ധതയുടെ പാതയിൽ അത്തോളി ജങ്ഷൻ ചുവടുവെച്ച പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഡ്രീം ബോക്സ്. അത്തോളി അത്താണിയിലാണ് അത്തോളി ജങ്ഷൻ്റെ നവീകരിച്ച പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്. ഫുഡ് വ്ലോഗറും ഇൻഫ്ലുവൻസറുമായ മിൻഹാജ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
