അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കാൻ സൗകര്യമൊരുക്കുന്ന ആഴ്ച ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്ത് കാർഷിക വികസന സമിതിയാണ് കർഷകർക്കും ഗുണഭോക്താക്കൾക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരുക്കിയ ചന്തയിൽ പഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന വിവിധ ഇനം പച്ചക്കറികൾ ലഭ്യമാക്കി. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3 മുതൽ 6 വരെയാണ് പ്രവർത്തന സമയം.
അത്തോളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളും ഇതിൻ്റെ ഭാഗമായി കാർഷിക വികസന സമിതി ഭാവിയിൽ ഏറ്റെടുക്കും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത്, വാർഡ് മെംബർമാരായ കുഞ്ഞായൻകുട്ടി, എ .എം സരിത, കാർഷിക വികസന സമിതി സബ് കമ്മിറ്റി (ആഴ്ച ചന്ത) കൺവീനർ സി എം സത്യൻ, ചെയർമാൻ ടി കെ കരുണാകരൻ എന്നിവർ പങ്കെടുത്തു
