അത്തോളി : തകർന്ന കൊങ്ങന്നൂർ എ. എൽ പി സ്കൂൾ – അങ്കണവാടി റോഡ് അറ്റകുറ്റപണി നടത്താത്ത അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ സി.പി. എമ്മിൻ്റെ നേതൃത്വത്തിൽ കൊങ്ങന്നൂരിൽ പ്രതിഷേധ ധർണ്ണ നടത്തി.
അങ്കണവാടിയിലേക്കുള്ള പിഞ്ചു കുട്ടികളും, എൽ പി സ്കൂളിലേക്കുള്ള വിദ്യാർത്ഥികളും അപകടകരമായാണ് റോഡിലൂടെ വഴി പോകുന്നത്. എടത്തിൽ പറമ്പ് ക്ഷേത്രത്തിലേക്കുള്ള ഭക്തരുടേയും എടവലത്ത് ഭാഗത്തുള്ള വീട്ടുകാരുടേയും പരിസരവാസികളുടേയും യാത്ര അപകട ഭീഷണിയിലാണ്. റോഡിന് താഴെ താമസിക്കുന്ന വീട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട്. അടിയന്തരമായി റോഡ് റിപ്പയർ ചെയ്യണമെന്ന് ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് സി.പി.എം അത്തോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം ഷാജി ആവശ്യപ്പെട്ടു. അറ്റകുറ്റപണി നടത്താത്ത പക്ഷം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.

അത്തോളി പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. തെരുവ് നായകൾ അലഞ്ഞ് നടക്കുന്നു. റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു. ബിനാമികൾ പഞായത്ത് പൊതുമരാമത്ത് പ്രവർത്തികളിൽ ഇടപെടുന്നതായി വ്യാപകമായി പരാതിയുണ്ട്. ഗുണഭോക്താക്കൾക്ക് സാമൂഹ്യക്ഷേമ പെൻഷൻ നഷ്ടപ്പെടുത്തി. അധികാര തർക്കത്തിലേർപ്പെട്ട ഭരണസമിതിതിക്ക് ഇതിനൊന്നും താൽപര്യമില്ലെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി പറഞ്ഞു. കെ.വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഫൗസിയ ഉസ്മാൻ, സി.പി.എം ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.ജയകൃഷ്ണൻ, സഫ്ദർ ഹാഷ്മി, കെ.ശശികുമാർ എന്നിവർ പ്രസംഗിച്ചു. എൻ.പ്രദീപൻ സ്വാഗതവും ,കെ.ഷെമീർ നന്ദിയും പറഞ്ഞു.
