കോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ എലത്തൂർ സ്വദേശി വിജിലിനെ കുഴിച്ച് മൂടിയ കേസിലെ പ്രതികളായ മൂന്നു പേരും പിടിയിലായി. വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ (ഇപ്പോള്‍ താമസം കുന്നമംഗലം കുരുക്കത്തൂർ) രഞ്ജിത്ത്,വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ടൌൺ സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫിന്റെയും, എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേര്‍ന്ന് പിടികൂടിയത്.
2019 മാർച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ വിജിലിന്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യം മനസ്സിലാക്കിയതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തതില്‍ സുഹൃത്തുക്കളായ പ്രതികള്‍ കുറ്റം സമ്മതിച്ചു,

വിജിലിന്റെ മൃതശരീരം കോഴിക്കോട് സരോവരം ചതുപ്പിൽ കുഴിച്ചുമൂടിയതായും മൊഴി നൽകി. തുടർന്ന് അന്വേഷണസംഘം ചതുപ്പിൽ വെള്ളം വറ്റിച്ച് പരിശോധന നടത്തിയതിൽ വിജിലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പും ശരീരവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു.
ഈ കേസിലെ ഒന്നാം പ്രതിയായ നിഖിൽ, മൂന്നാം പ്രതിയായ ദീപേഷ് എന്നിവരെ പോലീസ് പിടികൂടി എന്നറിഞ്ഞപ്പോൾ കേസിലെ രണ്ടാമത്തെ പ്രതിയായ രഞ്ജിത്ത് തെലുങ്കാനയിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍ അന്വേഷണസംഘം ഇയാളുടെ ലൊക്കേഷന്‍ നിരന്തരം നിരീക്ഷിച്ചു വരുന്നതിനിടെ പ്രതിയെ തെലുങ്കാനയിലുള്ള കമ്മത്ത് വെച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു.
