മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ അഞ്ച് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 1.45 ലക്ഷം പട്ടയം കൂടി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന റവന്യൂ മേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 വർഷത്തെ സർക്കാർ ഭരണത്തിൻ്റെ സമ്മാനമായി അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിക്കണമെന്ന് സർക്കാരിൻ്റെ നയപ്രഖ്യാപന സമ്മേളത്തത്തിൻ്റെ സമാപന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,80,777 പട്ടയങ്ങൾ നൽകാനായി. കഴിഞ്ഞ സർക്കാർ കാലത്ത് 1.70 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1.45 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നിർദേശം എട്ട് ജില്ലകൾക്കായി നിലവിൽ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
എൽ എ പട്ടയ വിതരണത്തിൻ്റെ എണ്ണം വർധിപ്പിക്കണം. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള തനത് ഭൂമി സർക്കാരിന് ഡീവെസ്റ്റ് ചെയ്യാൻ വകുപ്പില്ല. തദ്ദേശ വകുപ്പിൻ്റെ ചട്ട ഭേദഗതിയിലൂടെ ഫെബ്രുവരിയിൽ ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ് നിയമം 279-ാം വകുപ്പ് പ്രാകാരം ശ്മശാനം, മേച്ചിൽപ്പുറം, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങൾക്ക് മാറ്റിവെച്ച ഭൂമി സർക്കാരിലേക്ക് ഡീവെസ്റ്റ് ചെയ്യാൻ ജില്ല കളക്ടറെ 279 (2) വകുപ്പ് പ്രകാരം ചുമതലപ്പെടുത്തിക്കൊണ്ടുള്ള ചട്ട ഭേദഗതി തദ്ദേശ വകുപ്പ് വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം കൂടുതൽ പട്ടയങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ കണക്കനുസരിച്ച് 1920 നഗരങ്ങളിലായി 20,000 ത്തോളം നാല് – അഞ്ച് സെൻ്റിൻ്റെ അപേക്ഷകർ പഞ്ചായത്തിൽ നിന്നും പുരമേയാൻ സർക്കാർ നൽകുന്ന കാശുപോലും വാങ്ങാൻ സാധിക്കാത്തവരായുണ്ട്. ചട്ട ഭേദഗതിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി. കടലിൽ നിന്ന് 30.17 മീറ്റർ വിട്ടു നിൽക്കുന്ന ഭൂമിയ്ക്ക് പട്ടയം നൽകുന്നതിൽ തടസ്സമില്ല. തിരുവനന്തപുരത്തും കൊല്ലത്തും കടപ്പുറത്തായി 1100 ഓളം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
