നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. രാവിലെ വായനാട്ടിൽ വെച്ച് പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
തനിക്കു നേരെ ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ളീല പരാമർശങ്ങൾ നടത്തുന്നുവെന്ന് കാണിച്ച് ചലച്ചിത്ര നടി ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിൻ്റെ നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നു എന്ന് ഹണി റോസ് ബോബി ചെമ്മണ്ണൂരിനോട് സാമൂഹ്യ മാധ്യമം വഴി പറഞ്ഞിരുന്നു.
ഉദ്ഘാടനച്ചടങ്ങുകളിൽ ക്ഷണപ്രകാരം
പങ്കെടുക്കുന്ന നടിക്കെതിരെ സ്ഥാപന ഉടമ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ദ്വയാർത്ഥ പ്രയോഗം നടത്തുന്നത് സാമൂഹൃമാധ്യമത്തിൽ ചർച്ചയായിരുന്നു.
തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ നടി യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ഫേസ്ബുക്കിൽ മോശം കമൻ്റിട്ട ഒരാളെ നടിയുടെ പരാതി പ്രകാരം പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ മനോനിലയുള്ള കൂട്ടാളികൾക്കെതിരേയും ഹണി റോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്നെ പോലെ സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിടുന്ന മറ്റു സ്ത്രീകൾക്ക് വേണ്ടിയുമാണ് തൻ്റെ പോരാട്ടമെന്ന് ഹണി റോസ് വ്യക്തമാക്കി. പരാതിയിൽ കൃത്യമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹണി റോസിന് ഉറപ്പു നൽകിയിരുന്നു
