മുംബൈ: മഹാരാഷ്ട്ര ബിജെപി നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ ബുധനാഴ്ച ഐകകണ്ഠേന തിരഞ്ഞെടുത്തു, മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള വഴിയൊരുക്കി.
വ്യാഴാഴ്ച വൈകിട്ട് 5.30 മുംബൈയിലെ വിശാലമായ ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച വിധാൻ ഭവനിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ കേന്ദ്ര നിരീക്ഷകനുമായ വിജയ് രൂപാണി ഫഡ്നാവിസിനെ (54) ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
ആകെ 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ ബിജെ.പി നേതൃത്വത്തിലുള്ള മഹായുതി മുന്നണിക്ക് 235 സീറ്റുണ്ട്. 132 സീറ്റ് ബി.ജെ പിക്കും പ്രധാന ഘടക കക്ഷികളായ ശിവസേനക്ക് 57 ഉം നാഷണലിസ്റ്റ് കോൺഗ്രസിന് 41 ഉം സീറ്റ് ലഭിച്ചു.
