മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാടിൻ്റെ
‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികൾ പുരോഗമിക്കുന്നു. ഡിസംബറിൽ ചിത്രീകരണം തുടങ്ങും. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കും.
ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ.
