തൃശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി ഇടിച്ചുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് മുതലമട വില്ലേജില്‍ മീന്‍കര ഡാമിന് സമീപം ചമ്മണാംതോട് നിവാസികളായ കാളിയപ്പന് (50 ), നാഗമ്മ (39 ), ബംഗാരി (20), ജീവന് (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന് (27) ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവർ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജാൻസി , ചിത്ര, ദേവേന്ദ്രൻ എന്നിവരുടെ പരുക്ക് ഗുരുതരമാണ്.
നാട്ടിക നാഷണല്‍ ഹൈവേ 66 ല്‍ ജെ.കെ സെന്ററിനു സമീപം ഇന്നലെ (നവംബര്‍ 26) പുലര്‍ച്ചെ മൂന്നര മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വാഹനം ഓടിച്ച ക്ലീനറും ഡ്രൈവറും മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്. അപകടം വരുത്തിയ വാഹനം ഒരു കിലോമീറ്റർ ഓടിയ ശേഷമാണ് നിർത്തിയത്.
മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനും സന്ദർശിച്ചു. മരണപ്പെട്ടവർക്ക് അന്ത്യോപചാരമർപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി തൃശ്ശൂരിലെത്തിയത്.
മരണപ്പെട്ടവരില്‍ നാഗമ്മ, വിശ്വ എന്നിവരുടെ മൃദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാളിയപ്പന്, ജീവന്, ബംഗാരി എന്നിവരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി.
ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനും പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോയും സംഭവസ്ഥലം സന്ദര്‍ശിച്ചു.. അപകടത്തില്‍ പരിക്കുപറ്റിയവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് പോലീസും എം.വി.ഡിയും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശാന്തകുമാരി, എം.സി ജ്യോതി, തൃശ്ശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, അഡി. തഹസില്‍ദാര്‍ നിഷ, തലപ്പിള്ളി തഹസില്‍ദാര്‍ കിഷോര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രാധിക എന്നിവരും മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആശുപത്രിയിലെയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
