അത്തോളി : ചെറുപ്പകാലം മുതൽ ഫോട്ടോ ഗ്രാഫിയെ നെഞ്ചേറ്റിക്കൊണ്ടുനടക്കുന്ന അത്തോളിക്കാരന് പ്രശസ്ത പത്രപ്രവർത്തക ലീല മേനോൻ്റെ പേരിലുള്ള
ന്യൂസ് ഫോട്ടോ ഗ്രാഫി പുരസ്കാരം. ചന്ദ്രിക ദിനപത്രത്തിലെ ഫോട്ടോ ജേർണലിസ്റ്റ് അത്തോളിക്കാവ് സ്വദേശി നിതിൻ കൃഷ്ണനാണ് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ഫോട്ടോ ഗ്രാഫി അവാർഡിന് അർഹനായത്.
പുറംകാഴ്ചയ്ക്കപ്പുറത്ത് എന്ന ക്യാപ്ഷനോടെ ലോക തൊഴിലാളി ദിനത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് അവാർഡിന് അർഹനാക്കിയത്. എറണാകുളം ചങ്ങാടംപൊക്ക് കനാലിൽ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുന്ന തൊഴിലാളിയുടെ ദൃശ്യമായിരുന്നു നിതിൻ ക്യാമറയിൽ പകർത്തിയത്.

മഹാനഗരങ്ങളുടെ സൗന്ദര്യവും ശുചിത്വവും നിലനിർത്താൻ സ്വന്തം ജീവൻപോലും പണയപ്പെടുത്തി രാപ്പകലില്ലാതെ അഴുക്കുചാലിലും ഓവുകളിലും പണിയെടുക്കുന്ന തൊഴിലാളികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു ചിത്രം. ഇങ്ങനെയും കുറെ മനുഷ്യരുണ്ട് നമുക്ക് ചുറ്റിലും, അവരുടെ ത്യാഗത്തിൻ്റേയും വിയർപ്പിൻ്റേയും ഫലമാണ് നാം അനുഭവിക്കുന്ന ശുചിത്വ സുന്ദര കേരളം എന്ന സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നതെന്ന് നിതിൻ പറഞ്ഞു.
ന്യൂസ് ഫോട്ടോഗ്രാഫിയിൽ നേരത്തെ രണ്ടു തവണ നേവിയുടെ അവർഡ് നിതിന് ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമി അവാർഡ്, പഞ്ചായത്ത് ദിനാഘോഷത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ അവാർഡ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
കനറാ ബാങ്കിലെ കലക്ഷൻ ഏജൻ്റായിരുന്ന അമ്പാടിയിൽ കൃഷ്ണനുണ്ണിയുടേയും റീജയുടേയും മകനാണ്. പ്ലസ് ടു വരെ അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ചു. ബിരുദ പഠനത്തിന് ശേഷം സിനോട്ടോഗ്രാഫിയിലെ താല്പര്യം കാരണം എറണാകുളത്ത് ഫാഷൻ ഫോട്ടോഗ്രാഫർ കെ ജെ മാത്യുവിൻ്റെ കീഴിൽ പരിശീലനം തുടങ്ങി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി, ജയസൂര്യ നായകനായ പിഗ്മാൻ എന്നീ ചിത്രങ്ങളിൽ ക്യാമറയിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പതിമൂന്ന് വർഷമായി ചന്ദ്രിക കൊച്ചി യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നു.

