അത്തോളി :അത്തോളി കോതങ്കലിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് മരിച്ചത്. കോതങ്കലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം.
മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അമിതവേഗത്തിലെത്തി സെയ്തലവിയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മൊടക്കല്ലൂർ ആശുപത്രിയിൽ എത്തിച്ചു. സെയ്തലവിയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

