കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട
രണ്ട് അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കൂടുതല്‍ സഹായങ്ങള്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോയ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. 12 പേർക്ക് പരിക്കുണ്ട്. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ വനിതാ മെസ് എന്ന നാടക സംഘത്തിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്
