അത്തോളി: രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു. ദേശഭക്തി ഗാനാലാപനം, പ്രഭാഷണം, മധുരവിതരണം കലാ അവതരണങ്ങൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.
വേളൂർ ജി എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ബി സിന്ധു പതാക ഉയർത്തി. പിടിഎ പ്രസിഡൻറ് ഷൗക്കത്ത് അത്തോളി, എസ്എംസി ചെയർപേഴ്സൺ രാജി രശ്മി, സ്കൂൾ ലീഡർ ആഞ്ജനേയ് കൃഷ്ണ എന്നിവർ സംസാരിച്ചു. ദേശഭക്തി ഗാനാലാപനം, പ്രസംഗം,ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. പി.ടി.എ, എം.പി ടി.എ, എംസ് എം സി അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം നൽകി.

സ്പേസ് അത്തോളി ഓഫീസിൽ പ്രസിഡണ്ട് ഗോകുൽ ദാസ് പതാക ഉയർത്തി. സെക്രട്ടറി സുരേഷ് അക്ഷരി, അഷ്റഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു.
അത്തോളി ശാന്തി നഗർ റസിഡൺസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സിദ്ധാർത്ഥൻ വി.പി പതാക ഉയർത്തി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ആർ. എം കുമാരൻ സ്വാതന്ത്ര്യ പ്രഭാഷണം നടത്തി. പായസ വിതരണവും നടന്നു.

പറക്കുളം നൂറുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും അനുബന്ധ പരിപാടികളും നടന്നു. മഹല്ല് ഖത്തീബ് ബാദുഷ യമാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി അബ്ദുൽ മുനീർ പുളിശ്ശേരിക്കണ്ടി ദേശീയപതാക ഉയർത്തി. മദ്രസയിലെ വിദ്യാർത്ഥികളും അധ്യാപകരും മഹല്ലിലെ നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാനമായ സി.എച്ച് സ്മാരക സൗധത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, കരിമ്പയിൽ അബ്ദുൽ അസീസ്, സി.കെ നസീർ, സലീം കോറോത്ത്, വി.പി ഷാനവാസ്, പി.കെ ഹമീദ്, എം.വി ദിൽഷാദ് തുടങ്ങിയവർ പങ്കെടുത്തു.

