അത്തോളി : കുനിയിൽ കടവ് സി എച്ച് പാലത്തിനോട് ചേർന്ന് പുഴത്തീരത്ത് അജ്ഞാതർ കക്കൂസ് മാലിന്യം തള്ളി. മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരും പരിസര വാസികളും ദുർഗ്ഗന്ധം കാരണം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. ദൂരെ ദിക്കിൽ നിന്ന് ടാങ്കർ ലോറിയിൽ നിറച്ച കക്കൂസ് മാലിന്യം കുനിയിൽ കടവിൽ കൊണ്ടുവന്ന് തള്ളിയതാവാമെന്നാണ് കരുതുന്നത്.

മുമ്പും പുഴത്തീരത്ത് കക്കൂസ് മാലിന്യം തള്ളുന്ന സംഭവം ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് നാല് മാസം മുമ്പ് ഒരു ടാങ്കർ ലോറി അത്തോളി പൊലീസ് പിടികൂടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അജ്ഞാതർ മാലിന്യം തളളുന്നതിനായി വീണ്ടും ഈ പ്രദേശം തിരഞ്ഞെടുത്തിരിക്കുകയാണ്.
കുനിയിൽ കടവ് പാലത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പാലത്തിന് ചുവട്ടിലും പരിസരത്തും ലഹരി വില്പനയുടെയും ഉപയോത്തിൻ്റേയും കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. കോഴി മാലിന്യം തള്ളുന്നതും പതിവാണ്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. പാലത്തിൽ അടിയന്തരമായി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

