ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ ചുവടെ.
എല്ലാ ക്ഷേമ പെൻഷനും 3000 രൂപയാക്കും.
കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും. ഏറ്റവും ദരിദ്രരായ അഞ്ചു ലക്ഷം പേരെ കണ്ടെത്തി ഭാരിദ്ര്യത്തിൽ നിന്ന് കരകയറ്റും
ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കും. കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ നൽകും. കിടപ്പു രോഗികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കും. ഇവ നടപ്പാക്കുന്നതിന് ജനകീയ പരിപാടിക്ക് രൂപം നൽകും.
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവിധ കമ്പനികളുമായി ബന്ധപ്പെടുത്തി തൊഴിൽ പരിശീലനം നൽകും. പരിശീലനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് ലഭ്യമാക്കും.
യുവജനങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ പലിശരഹിത വായ്പ നൽകും. കോളേജുകളിൽ സംരംഭകത്വ പ്രോത്സാഹനത്തിനായി ഹാക്കതോണുകളും ഇൻക്യുബേറ്ററുകളും സംഘടിപ്പിക്കും. രണ്ടുലക്ഷം പ്രൊഫഷണൽകൾക്ക് ഉയർന്ന നിലവാരമുള്ള ജോലികൾ സൃഷ്ടിക്കും.
സ്ത്രീകളിൽ 50% പേർക്ക് ജോലി ഉറപ്പാക്കും. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ യാത്രാ സുരക്ഷ, കുട്ടികൾക്ക് ആഫ്റ്റർ സ്കൂൾ കെയർ, ഗാർഹിക ജോലിഭാരം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ സാമൂഹിക പിന്തുണ കുടുംബശ്രീ വഴി ഉറപ്പാക്കും. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വർക്ക് നിയര് ഹോമുകളിൽ ജോലി എടുക്കാനുള്ള അവസരം സൃഷ്ടിക്കും.

ബാക്ക് ടു ക്യാമ്പസ് തൊഴിൽ പരിശീലനം വഴി വിദ്യാർത്ഥികൾക്ക് അവർ പഠിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ തൊഴിലുമായി ബന്ധപ്പെടുത്തി നൈപുണ്യ പരിശീലനം നൽകും.
വ്യവസായ രംഗത്ത് 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം അഞ്ചു വർഷം കൊണ്ട് ഉണ്ടാക്കും. എല്ലാ ജില്ലകളിലും ചെറുകിട വ്യവസായ പാർക്കുകളും ജോബ് സെൻററുകളും സ്ഥാപിക്കും.
ആധുനികവൽക്കരണം വൈവിധ്യവൽക്കരണം പ്രൊഫഷണലൈസേഷൻ എന്നിവയിലൂടെ എല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ലാഭകരമാക്കും.
നെല്ലിൻ്റെ താങ്ങുവില35 രൂപയായും നാളികേരത്തിന്റേത് 45 രൂപയായും റബ്ബറിൻ്റേത് 300 രൂപയായും വർദ്ധിപ്പിക്കും. നെല്ലിൻ്റെ താങ്ങുവില സംഭരണവേളയിൽ തന്നെ നൽകാൻ സഹകരണ സംഘങ്ങൾ വഴി ഏർപ്പാടുണ്ടാക്കും. പച്ചക്കറിക്ക് സംഭരണ വില ഏർപ്പെടുത്താൻ എല്ലാ പഞ്ചായത്തുകളിലും വിപണന ഏജൻസി സൃഷ്ടിക്കും.
കേരള ചിക്കൻ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കും. കേരള ചിക്കൻ മാതൃകയിൽ ആട് ഗ്രാമം പോത്ത് ഗ്രാമം മുയൽ ഗ്രാമം തുടങ്ങിയ പദ്ധതികൾ സഹകരണ അടിസ്ഥാനത്തിൽ നടപ്പിലാക്കും.
എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങൾക്കും ബൈപ്പാസ് റോഡ് നിർമ്മിക്കും. റെയിൽവേ ലെവൽ ക്രോസിംഗുകൾ ഇല്ലാത്ത സംസ്ഥാനമായി അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ മാറ്റും.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കും. അതിവേഗ റയിൽ പാതയ്ക്ക് വേണ്ടിയുള്ള പരിശ്രമം തുടരും.
20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും.
കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി മാറ്റും.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് മുമ്പ് പഠന പിന്തുണ നൽകാൻ സ്കൂളുകളിൽ അധ്യാപകരെ ഉപയോഗപ്പെടുത്തി പ്രത്യേക സംവിധാനം ഒരുക്കും.
ഏതൊരു പൗരനും തൻറെ വീട്ടിൽ നിന്നും 30 മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളിൽ ഒരു കളി സ്ഥലമോ പാർക്കോ ഓപ്പൺ ജിമ്മോ ലഭ്യമാക്കും.
കുടുംബശ്രീ മൈക്രോ നാനോ സംരംഭങ്ങളിൽ 50,000 യൂണിറ്റുകളെ എങ്കിലും ചെറുകിട സംരംഭങ്ങളായി വിപുലപ്പെടുത്തും.
മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. രണ്ട് ഏക്കർ വീതം ഭൂമി ലഭ്യമാക്കും. വനാവകാശ നിയമം കർശനമായി നടപ്പിലാക്കി കൃഷി ഭൂമി ഉറപ്പുവരുത്തും.
ഗ്രന്ഥശാലകൾക്ക് ഗ്രാൻഡ് വർദ്ധിപ്പിക്കും. കലാസമിതികൾക്ക് ധനസഹായം നൽകും. പ്രാദേശിക ഫിലിം സൊസൈറ്റികൾ കാര്യക്ഷമമാക്കും. കൊച്ചി ബിനാലെ, ഇറ്റ് ഫോക്ക്, കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ എന്നിവ പോലെ സംഗീതം നൃത്തം തുടങ്ങിയ മേഖലകളിലും വിപുലമായ ഉത്സവങ്ങൾ സംഘടിപ്പിക്കും.
എല്ലാ റേഷൻ കടകളെയും കെ സ്റ്റോറുകൾ ആക്കി മാറ്റും
എയിംസ് നിഷേധം തുടർന്നാൽ അന്തർദേശീയ നിലവാരത്തിൽ ഉള്ള എയിംസിനെക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി ജനകീയ വിഭവസമാഹരണത്തോടുകൂടി സ്ഥാപിക്കും
സ്പോർട്സ് ക്ലബ്ബുകൾക്ക് ധനസഹായം നൽകും
സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആർത്തവാവധി നടപ്പാക്കും
