കൂമുള്ളി : സംഗീത യാത്രയിലെ വസന്തകാലത്തിൻ്റെ ഓർമ്മകൾ പങ്കുവെച്ചും മധുര ഗീതങ്ങൾ ആലപിച്ചും ക്ഷേത്രാങ്കണത്തിലൊരുക്കിയ സംഗീത സന്ധ്യ നവ്യാനുഭവമായി. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിലെ
‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവരും ….. എന്ന ഗാനം ആലപിച്ച വി.ടി. മുരളിയും ഗാനം ചിട്ടപ്പെടുത്തിയ ഹരിപ്പാട് കെ.പി.എൻ. പിള്ളയും ഗാന സൃഷ്ടിയുടെ ഓർമ്മകൾ പങ്കിട്ടു. കെ.പാനൂരിൻ്റെ കേരളത്തിലെ ആഫ്രിക്ക എന്ന കൃതിയെ ആധാരമാക്കി നാലര പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയതാണ് ചിത്രം. മോഹൻലാലാണ് നായകൻ.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രാങ്കണത്തിലാണ് ഗായകനും സംഗീത സംവിധായകനും ഒരുമിച്ചത്.
കോഴിക്കോട് ആകാശവാണിയുടെ ആരംഭകാലത്ത് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളി ആലപിച്ച ഗാനങ്ങളും സദസ്സിൽ അവതരിപ്പിച്ചു.
തേൻതുള്ളി എന്ന സിനിമയിലെ ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം എന്നു തുടങ്ങുന്ന ഗാനവും കത്തി എന്ന സിനിമയിലെ പൊന്നരളിപ്പൂവൊന്ന് മുടിയിൽ ചൂടി എന്ന ഗാനവും വി.ടി. മുരളി ആലപിച്ചു. കൃഷ്ണദാസ് ബാലുശ്ശേരി ഇടയ്ക്ക വായിച്ചു.
ചന്ദ്രൻ കുന്നക്കാട്ട് അധ്യക്ഷനായി. ടി.സി. രാജൻ, പൃഥ്വീരാജ് മൊടക്കല്ലൂർ എന്നിവർ ആശംസാപ്രസംഗം നടത്തി.

