ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന അഡ്വക്കറ്റ് കെ എം സച്ചിൻ ദേവ് ബാലുശ്ശേരിക്കാരനാണ്. 1993 ഒക്ടോബർ 18 നാണ് ജനനം. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനത്തിൽ പ്രവേശിച്ചു.
വിദ്യാർത്ഥികളുടെ യാത്രാവകാശ സമരത്തിന് മുൻ നിരയിൽ നിന്ന് നേതൃത്വം നൽകി. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സച്ചിൻ ദേവ് അവിടെ വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്നു. പഠനകാലത്ത് നാഷണൽ സർവീസ് സ്കീമിന്റെ മികച്ച വളണ്ടിയർമാരിൽ ഒരാളായിരുന്നു.
കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്.
എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ നേതൃപദവി വഹിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെ നാലുവർഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും തുടർന്നു എസ് എഫ് ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
2019 ഡിസംബർ 15ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, കേരള ആരോഗ്യ സർവകലാശാല അംഗം, കേരള വെറ്റിനറി സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം, എന്നിങ്ങനെ യൂണിവേഴ്സിറ്റി ഭരണ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ല ലീഗൽ സർവീസ് അതോറിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു. കേരള നിയമസഭയുടെ സബ്ജക്ട് കമ്മിറ്റികളിൽ ഒന്നായ വിദ്യാഭ്യാസ സമിതിയിൽ അംഗമാണ്. നിയമസഭയുടെ യുവജന ക്ഷേമകാര്യ സമിതി അംഗമായും പ്രവർത്തിച്ചു.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ള ചുമതലകളും വഹിച്ചിട്ടുണ്ട്. 23 വയസ്സിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗവും തുടർന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായി.
ഇരുപത്തിയേഴാമത്തെ വയസ്സിൽ കേരള നിയമസഭയിലേക്ക് ചരിത്രഭൂരിപക്ഷത്തിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
പതിനഞ്ചാമത് നിയമസഭയിൽ ഏറ്റവും കൂടുതൽ ഹാജർ ഉള്ള എംഎൽഎ മാരിൽ ഒരാളാണ് അഡ്വ. കെ.എം സച്ചിൻ ദേവ്.

