കൂമുള്ളി : കുമുള്ളി ശ്രീ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു . തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉത്സവത്തിൽ വൈവിധ്യമാർന്ന തെയ്യം-തിറ രൂപങ്ങളും വാദ്യമേളങ്ങളും അരങ്ങേറി. പ്രധാന ചടങ്ങായ പരദേവത വെള്ളാട്ടും തിറയും കാണാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.
മാർച്ച് 5-ന് പാതിരിക്കുന്നത് മന രുദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ‘സർപ്പബലി’യോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് മാർച്ച് 6-ന് നടന്ന കൊടിയേറ്റവും 9-ന് നടന്ന ഭക്തിനിർഭരമായ ‘കലവറ നിറയ്ക്കൽ’ ചടങ്ങും ഉത്സവത്തിന് മാറ്റ് കൂട്ടി.
ഉത്സവ നാളുകളിൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നു. ഗണപതിഹോമം, കാവുണർത്തൽ, ഭക്തിസാന്ദ്രമായ ചെണ്ടമേളം എന്നിവയ്ക്ക് ശേഷം നടന്ന ‘ഇളനീർക്കുല വരവ്’ ശ്രദ്ധേയമായി. ഉച്ചയ്ക്ക് നടന്ന വിപുലമായ പ്രസാദ ഊട്ടിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
വൈകുന്നേരം 4 മണിക്ക് മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കുമുള്ളി ആൽത്തറയിൽ നിന്നും ആരംഭിച്ച ‘പരദേവത വെള്ളാട്ട്’ ഉത്സവത്തിന്റെ പ്രധാന ആകർഷണമായി. തുടർന്ന് രാത്രി 7 മണിക്ക് മലബാറിലെ പ്രമുഖ വാദ്യകലാകാരൻമാർ അണിനിരന്ന ‘ആൽത്തറ മേളം’ ക്ഷേത്രമുറ്റത്തെ ഭക്തിസാന്ദ്രമാക്കി .
രാത്രി 8 മണിയോടെ താലപ്പൊലിയുടെ അകമ്പടിയോടെ ഭഗവതി തിറ അരങ്ങിലെത്തി. പിന്നാലെ ഗുരുദേവൻ വെള്ളാട്ട്, ഗുളികൻ വെള്ളാട്ട് എന്നീ അനുഷ്ഠാനങ്ങളും നടന്നു. പുലർച്ചെ 2 മണിക്ക് നടന്ന തായമ്പകയ്ക്ക് ശേഷം പുലർച്ചെ 3.30-ന് പരദേവത തിറയും 5 മണിയോടെ ഗുളികൻ തിറയും ആടിയതോടെയാണ് മഹോത്സവത്തിന് സമാപ്തിയായത്.
