അത്തോളി: കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ അത്തോളി ഗ്രാമ പഞ്ചായത്തിൽ നടപടി തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഉത്തരവ് പ്രകാരം രൂപീകരിച്ച പന്നി വേട്ട സംഘം വ്യാഴാഴ്ച അത്തോളി കൊളക്കാട് ഭാഗത്തു നിന്ന് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പന്നികൾ കൃഷി നശിപ്പിക്കുന്നതിനെതിരെ നടപടിയുണ്ടാകണമെന്ന് കർഷകർ ഏറെ കാലമായി ആവശ്യമുന്നയിക്കുന്നുണ്ടായിരുന്നു. പുതിയ ഭരണ സമിതി ഇക്കാര്യം വിശദമായി പരിശോധിച്ച് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പന്നികളെ കൊന്നൊടുക്കാൻ ലൈസൻസുള്ള ഷൂട്ടർമാരുടെ ടീമിനെ നിയോഗിച്ചു. അച്ചപ്പൻ കാവും മൂട്ടിൽ, കുറിച്ചിയൻ കേളു നീലോത്ത്, കെ.ടി. ഹുസൈൻ ഹാജി മൈലാഞ്ചിക്കര കുന്നുമ്മൽ, സുനിൽകുമാർ പി, വിനോദ് സി.കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാട്ടുപന്നികളുടെ ഭീഷണിയിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വരും ദിവസങ്ങളിലും ഷൂട്ടർമാർ പന്നി വേട്ടക്കിറങ്ങുമെന്ന് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

