അത്തോളി : തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ സ്വാധീനിക്കുന്നതിന് ലക്ഷ്യമിട്ട് അത്തോളി ഗ്രാമപഞ്ചായത്തിൽ പെരുമാറ്റചട്ടം ലംഘിക്കുന്നതായി പരാതി. വെള്ളിയാഴ്ച പുലർച്ചെ റിങ് കമ്പോസ്റ്റ് സാമഗ്രികൾ എട്ടാം വാർഡിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുളള ശ്രമം നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു.
നഗര സഞ്ചയ പദ്ധതി പ്രകാരം കോഴിക്കോട് കോർപ്പറേഷൻ അനുവദിച്ച തുകയിൽ നിന്നാണ് റിംഗ് കമ്പോസ്റ്റ് സാമഗ്രി വിതരണത്തിന് അത്തോളി പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ വിതരണം പൂർത്തിയാക്കേണ്ടതായിരുന്നു. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിതരണം ചെയ്യുന്നതെന്ന് എൽ. ഡി.എഫ് കൺവീനർ പി എം ഷാജി ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് മത്സരിക്കുന്ന വാർഡാണിത്. എം. ജയകൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

കഴിഞ്ഞ ദിവസം കോഴി വിതരണം നടത്തുന്നതിനും ശ്രമം നടത്തിയിരുന്നതായും എൽ ഡി എഫ് ആരോപിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അച്ചടിച്ച പത്രം യു.ഡി. എഫ് പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എൽ. ഡി. എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ കമ്മറ്റി കൺവീനർ ഇലക്ഷൻ കമ്മീഷന് നേരത്തെ പരാതി നൽകിയിട്ടുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
അത്തോളി പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താവും പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് മനസ്സിലാക്കിയ യു ഡി എഫ് നേതൃത്വം അധികാര ദുർവിനിയോഗവും ചട്ടലംഘനവും നടത്തി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കേണ്ടെന്ന് കൺവീനർ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം കാണിച്ച് തെരഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഷാജി അറിയിച്ചു.
