അത്തോളി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ തുണി ഉപയോഗിക്കുന്നുവെന്ന പരാതികളിൽ നടപടികൾ കർശനമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്. ജില്ലയിൽ ഓപറേഷൻ ഗ്രീൻ സ്വീപ് എന്ന പേരിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 676 പരിശോധനകൾ നടത്തുകയും 1200 കിലോ നിരോധിത ഫ്ലക്സ് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും 1,20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പോളിഎത്തിലിൻ, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള 100 ശതമാനം കോട്ടൻ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ക്യൂ.ആർ കോഡ് പതിപ്പിക്കുകയും റീസൈക്കിൾ ലോഗോ, സ്ഥാപനത്തിന്റെ പേര് എന്നിവ ഉൾപ്പെടുത്തുകയും വേണം.

നിരോധിത പോളിസ്റ്റർ മിക്സ്ഡ് തുണി പ്രിന്റിങ്ങിന് ഉപയോഗിക്കുകയും ക്യു.ആർ കോഡ്, റീസൈക്ലിക്ക് ലോഗോ എന്നിവ അനധികൃതമായി പതിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിരോധിത വസ്തുക്കൾ കൃത്യമായി തിരിച്ചറിയുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി നവംബർ 27ന് പരിശീലനം നടത്താനും തീരുമാനിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വമിഷൻ കോഓഡിനേറ്റർ ഇ.ടി രാകേഷ്, ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ എൻ അഭിലാഷ്, ടി ഷാഹുൽ ഹമീദ്, പി ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ എന്നിവർ പങ്കെടുത്തു.
